നമുക്ക് ചേമ്പ് നടാം
കേരളത്തിലെ വീട്ടുവളപ്പുകളില്‍ സർവ്വസാധാരണമായി കൃഷി ചെയ്തുവരുന്ന ഒരു പച്ചക്കറി വിളയാണു ചേമ്പ്. കൃഷിയോടുള്ള വൈമുഖ്യവും സ്ഥല പരിമിതിയും
മൂലം ചേമ്പുകൃഷിയെ വേണ്ടെന്നു വെക്കുന്നവരാണിന്നധികവും.
ലളിതമായ കൃഷിരീതി, കുറഞ്ഞ പരിചരണം, കുറഞ്ഞ വിളവെടുപ്പുകാലം, പോഷക പ്രദമായ വിളവ് ഇതെല്ലാം
ചേമ്പിൻ്റെ പ്ലസ് പോയിൻറുകളാണ്.
വൈവിധ്യമേറിയ ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കാം. ചേമ്പിൻ്റെ കിഴങ്ങ്
മാത്രമല്ല ഇളംപ്രായത്തിലുള്ള ചേമ്പിന്‍റെ ഇലയും തണ്ടും നല്ലൊരു ഇലക്കറിയായും ഉപയോഗിക്കാം.
ഏറ്റവും കൂടുതൽ ജലാംശമടങ്ങിയ കിഴങ്ങുവർഗമാണ് ചേമ്പ്. ഇതിൽ മാംസ്യം, അന്നജം,
ലവണങ്ങൾ, നാരുകൾ എന്നിവ ധാരാളമായി
അടങ്ങിയിരിക്കുന്നു. ഇതിന് രക്തത്തിലെ കൊഴുപ്പിന്റെ അംശം കുറയ്ക്കാനുള്ള
കഴിവുണ്ട്. ദഹനത്തെ സുഗമമാക്കാൻ സഹായിക്കുന്ന അന്നജം ധാരാളമുള്ള ചേമ്പ് സ്ഥിരമായി
ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്.
എവിടെ കൃഷി ചെയ്യാം?
ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് ചേമ്പുകൃഷിക്ക് അനുയോജ്യം. നല്ല
ഫലപുഷ്ടിയും നീര്‍വാര്‍ച്ചയും ഇളക്കമുള്ള മണ്ണാണ് ചേമ്പുകൃഷിക്കു ഉത്തമം.ടെറസിൽ
ഗ്രോബാഗിലും ആകാം.
കൃഷിക്കാലം
കേരളത്തില്‍ സാധാരണമായി മഴയെ ആശ്രയിച്ച് 2
തവണ ചേമ്പ് കൃഷി ചെയ്യാറുണ്ട്
01. മേയ് -ജൂണ്‍ കാലഘട്ടം,
02. ഒക്ടോബര്‍ -നവംബര്‍ കാലഘട്ടം,
എന്നാല്‍ ജലസേചന സൗകര്യമുണ്ടെങ്കില്‍ ഏതു സമയത്തും ചേമ്പു
നടാവുന്നതാണ്.
മുന്നൊരുക്കം
വിത്തു ശേഖരിക്കൽ, അടിവളം തെയ്യാറാക്കൽ എന്നിവയാണ്
പ്രധാന മുന്നൊരുക്കങ്ങൾ.
ചേമ്പു വിളവെടുക്കുന്ന സമയം കേടില്ലാത്ത
വിത്തുകൾ ശേഖരിക്കണം.നാടൻ ഇനങ്ങളാണ് നടാൻ ഉത്തമം. ഓരോ വിത്തിനും
ഏകദേശം 30 ഗ്രാം എങ്കിലും തൂക്കം ഉണ്ടാകണം. വിത്തുകൾ തണലത്ത്
അല്പമൊന്നു ഉണക്കിയെടുക്കുന്നതു് നല്ലതാണ്.
ഉണങ്ങിപ്പൊടിഞ്ഞ ചാണകവും കമ്പോസ്റ്റുമാണ് അടിവളമായി ഉപയോഗിക്കുക.
ചാരവും ഉപയോഗിക്കാറുണ്ട്. ഇവ ആവശ്യമായത്ര ശേഖരിച്ചു വെക്കുവാൻ മറക്കരുത്.
മണ്ണൊരുക്കം
കൃഷിസ്ഥലത്തെ മണ്ണ്കിളച്ചിളക്കണം.
കട്ടകളുടച്ച് പൊടിക്കണം
കളകള്‍ ഉണ്ടെങ്കിൽ മാറ്റണം
ഇങ്ങനെ തയ്യാറാക്കിയ 15 സെൻ്റീമീറ്റർ ഉയരത്തിൽ
തടമെടുക്കണം
തടത്തിൽ 15 സെൻ്റീമീറ്റർ താഴ്ചയിലും 30 സെൻ്റീമീറ്റർ
അകലത്തിലും കുഴികൾ എടുക്കണം.
ഒരു തടത്തിൽ 4 വരികളിലായി കുഴികളെടുക്കുന്നതാണ് ഉത്തമം. പരിചരണ
വേളയിൽ രണ്ടു വശത്തു നിന്നും രണ്ടു വീതം വരികളിലെ തൈകളെ കൈകാര്യം ചെയ്യാൻ
എളുപ്പമായിരിക്കും. കൂടുതൽ വരികളുണ്ടെങ്കിൽ പരിചരിക്കാനായി തടത്തിൽ കയറി
നില്ക്കേണ്ടിവരും. ഇതു് തൈകൾക്ക് ദോഷമുണ്ടാക്കും.
നടീൽ
ഓരോ കഴിയിലും പകുതിഭാഗം ഭാഗം വരെ അടിവളമായി
ചാണകപ്പൊടിയും കമ്പോസ്റ്റും ചേർത്ത് അതിന് മുകളിൽ വിത്ത് വെക്കണം. മീതെ മണ്ണിട്ട്
മൂടുക. അതിനു മുകളിൽ പച്ചില /കരിയില കൊണ്ട് പുതയിടണം.
പരിചരണം / വളം ചേർക്കൽ
വേനൽക്കാലത്ത് ആഴ്ചയിൽ 2 തവണ നനയ്ക്കണം.
വിത്തുമുളച്ച ശേഷം കള (പുല്ല്) പറിച്ചു മാറ്റണം.
വിത്തു നട്ടശേഷം ഒന്നര മാസമാകുമ്പോൾ
കള മാറ്റി ചാണകപ്പൊടിയും കമ്പോസ്റ്റും ഇട്ട് മണ്ണിടണം.
വിത്തു നട്ടശേഷം ഒന്നര മാസമാകുമ്പോൾ
രണ്ട് – രണ്ടര മാസവും എത്തുമ്പോള്‍ കളയെടുക്കലും വളമിടലും
മണ്ണു കേറ്റി കൊടുക്കലും നടത്തണം
കീടശല്യം/ രോഗങ്ങൾ
കാര്യമായ കീടശല്യം സാധാരണയായി ചേമ്പുകൃഷിയില്‍ ഉണ്ടാകാറില്ല.
ചുവട്ടില്‍ ചാരം വിതറുന്നതു വളരെ നല്ലതാണ്. വെള്ളം കെട്ടി നിന്നാൽ കട ചീയും.
അതിനാൽ വെള്ളക്കെട്ട് ഒഴിവാക്കണം.
വിളവെടുപ്പു കാലം
ചേമ്പ് നട്ട് 5 – 6 മാസമാകുമ്പോള്‍ വിളവെടുക്കാനാകും.
ഈ സമയം ഇലയും തണ്ടും ഉണങ്ങുവാൻ തുടങ്ങും.
കിഴങ്ങിനു കേടുപറ്റാതെ കിളച്ചിളക്കി
തള്ളക്കിഴങ്ങും പിള്ളക്കിഴങ്ങുകളം വെവ്വേറെ മാറ്റിയെടുക്കണം. വിത്തിനുള്ളവ മാറ്റി
ബാക്കിയുള്ളവ വൃത്തിയാക്കി സൂക്ഷിക്കാം/ വില്ക്കാം.
വീട്ടാവശ്യത്തിനു മാത്രമാണ് കൃഷിയെങ്കിൽ ആവശ്യാനുസരണ്ടം
പറിച്ചെടുത്താൽ മതി.
നടീൽ.................................വിളവെടുപ്പ്
01. മെയ് - ജൂൺ
സെപ്തം-ഒക്ടോബർ
02. ഒക്ടോ -നവമ്പർ
ഏപ്രിൽ - മെയ്
ടെറസ്സിനു മുകളില്‍ കൃഷി നടത്താം.
അങ്ങനെയുള്ളവര്‍ പ്ലാസ്റ്റിക്ക് ചാക്കില്‍ മണ്ണ്, ചാണകപ്പൊടി എന്നിവ
നന്നായി യോജിപ്പിച്ചു നിറച്ചശേഷം വിത്തു നടാം. മുൻ പറഞ്ഞ ഇടവേളകളിൽ വളമിടുവാൻ
മറക്കരുത്.
No comments:
Post a Comment