WELCOME

ഏവർക്കും മംഗളാശംസകൾ! വായിച്ചു വളരുക! ചിന്തിച്ചു വിവേകം നേടുക! മംഗളാശംസകൾ!

WELCOME

WELCOME TO THE WEBSITE OF SIVADAS MASTER PAZHAMPILLY

Friday, 13 November 2020

ചാണകം - ചാരം മിശ്രിതം തയ്യാറാക്കുന്ന വിധം

ചാണകം - ചാരം മിശ്രിതം തയ്യാറാക്കുന്ന വിധം

            ചാണകം നല്ലപോലെ ഉണങ്ങാൻ അനുവദിക്കുക. ചാണകത്തിലെ ജലാംശം നഷ്ടപ്പെടുമ്പോൾ ഉണങ്ങിയ ചാണകപ്പൊടി ലഭിക്കും. ഉണങ്ങിയ ഇലകൾ കത്തിച്ച്‌  ചാരം (വെണ്ണീർ) ഉണ്ടാക്കാം.  ഉണങ്ങിയ ചാണകപ്പൊടി, ചാരം എന്നിവ 2 :1 എന്ന അനുപാതത്തിൽ എടുത്ത്‌ നല്ലവണ്ണം കലർത്തുക. ചാണകപ്പൊടി ചാരം മിശ്രിതം തയ്യാർ. ഇലകൾ കൂടുതൽ ഉണ്ടാകാൻ ചാണകപ്പൊടി ഇടുന്നതാണ്‌ നല്ലത്‌. എന്നാൽ ഇലകളും കായ്കളും നല്ലപോലെ ഉണ്ടാകണമെങ്കിൽ  ചാണകം ചാരം മിശ്രിതം ഇടുന്നതാണ്‌ ഉത്തമം. വിത്തുകൾ, തൈകൾ എന്നിവ നടുന്നതിനു മുമ്പ്‌ അടിവളമായി ചാണകം - ചാരം മിശ്രിതം ഇടണം. ചാരവും ചാണകപ്പൊടിയും ഏറ്റവും നല്ല അടിവളമാണ്‌.

 

 


KOVID - NEED OF SOCIAL DISTANCING

കോവിഡ്‌ വ്യാപനത്തെ തടയാൻ

1. കോവിഡ്‌ വ്യാപനത്തെ തടയാൻ സാമൂഹ്യ അകലം പാലിക്കണം. വ്യക്തികൾ തമ്മിൽ 2 മീറ്റർ അകലമാണ്‌ സുരക്ഷിതം എന്നാണ്‌ ലോകാരോഗ്യ സംഘടന (WHO - World Health Organization) നിർദ്ദേശിക്കുന്നത്‌.




 2. അതോടൊപ്പം മുഖാവരണം (ഫേസ്‌ മാസ്ക്‌) ശരിയായ രീതിയിൽ ധരിച്ചിരിക്കണം. 

3. നിശ്ചിത ഇടവേളകളിൽ കൈകൾ സോപ്പ്‌ അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച്‌ ശരിയായ രീതിയിൽ കഴുകണം.

Thursday, 12 November 2020

DON'T MAKE PROBLEM A PROBLEM

 പ്രശ്നങ്ങളെ പ്രശ്നമാക്കരുത്


സുപ്രഭാതം സുഹൃത്തേ,

            ജീവിതത്തിൽ നിത്യേന നമുക്ക്  നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നു. ആ പ്രശ്നങ്ങളാണ്‌ നമുക്കു ജീവിതം തരുന്നത്. അവ തന്നെയാണ്‌ നമ്മുടെ ജീവിതം. ആ പ്രശ്നങ്ങൾ പരിഹരിക്കുവാൻ നാം പരിശ്രമിക്കുമ്പോൾ നാം ജീവിച്ചു തുടങ്ങുന്നു.

            മിക്ക തടസ്സങ്ങളും മനുഷ്യ മനസ്സിന്റെ സൃഷ്ടികളായിരിക്കും.. ശുഭപ്രതീക്ഷയാണ്‌ അതിനുള്ള പ്രതിവിധി. ശുഭപ്രതീക്ഷയോടെ പ്രയത്നിച്ചാൽ വിജയം നമുക്കു സ്വന്തം. ഓർക്കുകവിജയം ഒരു ലക്ഷ്യമല്ലഅതൊരു യാത്രയാണ്‌. നിഷേധാത്മക ചിന്തകളെഅലസതയെ തോല്പിച്ച് മുന്നേറുക. പ്രവർത്തിക്കുവാൻ തയ്യാറുള്ള സുമനസ്സുകൾക്ക് യതൊരു തടസ്സവും പ്രശ്നമാവുകയില്ല. അവർക്ക് വിജയയാത്ര പൂർത്തിയാക്കാം.

            സാഹചര്യങ്ങൾക്ക് വഴങ്ങി വാഴുകയല്ലസാഹചര്യങ്ങളെ അതിജീവിച്ചു വിജയിക്കയാണ്‌ മനുഷ്യൻ ചെയ്യേണ്ടത്. പ്രശ്നങ്ങൾ നിറഞ്ഞ പാതയിലൂടെ സധൈര്യം സഞ്ചരിച്ചവരാണ്‌ പുതിയ നേട്ടങ്ങൾ കൈവശമാക്കിയിട്ടുള്ളത്. പ്രശ്നങ്ങൾക്കു മുമ്പിൽ പകച്ചു നിന്നവർ നിശ്ചലരായി ജീവിതയാത്ര തുടരാനാവാതെ വിഷമിക്കുന്നു. നിശ്ചലത മരണമാണ്‌. അതിനെ പുണരാതെ വിജയ യാത്ര തുടരൂ. താങ്കൾക്ക് പ്രശ്ന പൂരിതമായ യാത്ര ആശംസിക്കുന്നു. വിജയീ ഭവഃ.
സ്നേഹാശംസകളോടെ, 
ശിവദാസ്‌ മാസ്റ്റർ പഴമ്പിള്ളി

Wednesday, 11 November 2020

അ + മര = അമര

വട്ടയില വട്ടികൾ

            വട്ടയില വട്ടികൾ

വിത്തുകൾ പാകി മുളപ്പിച്ച് പിഴുതു നടുക    എ ന്നത് നാം സർവ്വസാധരണമായി സ്വീകരിച്ചു  വരുന്ന ഒരു രീതിയാണ്. ഇതിനായി പ്ലാസ്റ്റിക്ക് സീഡിങ് ട്രെ, ഒഴിഞ്ഞ പ്ലാസ്റ്റിക് കവർ, ..   എന്നിവ നാം ഉപയോഗിക്കാറുണ്ട്. പറമ്പിൽ നേരിട്ടു വിത്തുകൾ നട്ടും തൈകൾ തയ്യാറാക്കുക   പതിവാണ്. ഈ തൈകൾ പിഴുതു നടുന്ന  സമയത്ത്, സീഡിങ് ട്രെ, പ്ലാസ്റ്റിക് കവർ എന്നിവയിൽ  നിന്നും തൈകൾ ഇളക്കിയെടുക്കുമ്പേൾ പലപ്പോഴും അവയുടെ വേരിനും തണ്ടിനും  ക്ഷതം ഏല്ക്കാറുണ്ട്. ചിലപ്പോൾ തൈ പൂർണ്ണമായും നാശമാകുകയും ചെയ്യാം. പറമ്പിൽ മുളപ്പിച്ച തൈകൾ ഇളക്കിയെടുത്ത് നടുമ്പോഴും  ഇത്തരം പ്രശ്നം നേരിടേണ്ടി വരുന്നു.   ഇതൊഴിവാക്കാനുള്ള സൂത്രമിതാ.

നമുക്കു തയ്യാറാക്കാം വട്ടയില വട്ടികൾ

ഒരുവട്ടയില എടുത്ത് അതിനെ ഒരു   വട്ടിയുടെ (പാത്രത്തിന്റെ) ആകൃതിയിൽ മടക്കുക (കോട്ടുക). മടക്കുകൾ  നിവരാതെയിരിക്കുവാൻ ഈർക്കിൽ കഷ്ണങ്ങൾ  കുത്തിക്കൊടുക്കുക. ഇത്രയും ചെയ്താൽ വട്ടയില വട്ടിയൊന്ന് തയ്യാറായി. വർത്തമാന പത്ര താളുകൾ     ഉപയോഗിച്ചും വട്ടി നിർമ്മാണം നടത്താം.

         ഇത്തരം വട്ടികളിൽ മുക്കാൽ ഭാഗം വരെ ചാണകപ്പൊടി, മേൽമണ്ണ്, മണൽചകിരിച്ചോറ് എന്നിവ 1 : 1 : 1 : 1 എന്ന  അനുപാതത്തിൽ കലർത്തിയ മിശ്രിതം എടുക്കുക. അതിൽ മുളപ്പിച്ചെടുക്കുവാനുള്ള   ഒരു    വിത്ത്  നടുക. വെള്ളം തളിച്ച് നേരിയ തോതിൽ നനയ്ക്കുക. ഇത്തരം വട്ടികൾ ഇളം വെയിൽ മാത്രം  കിട്ടുന്ന സ്ഥലത്ത് സൂക്ഷിക്കുക. വിത്ത് മുളച്ച്  നാലില പ്രായമാകുമ്പോൾ സ്ഥിരമായി  നടേണ്ട  സ്ഥലത്ത് കുഴിയെടുത്ത് അതിൽ  വട്ടയില    വട്ടിയടക്കം ചെടി നടണം. ചെടി വട്ടയില    വട്ടിയിൽ നിന്നും പറിച്ചു മാറ്റേണ്ടതില്ല. ഏതാനും ദിവസം കഴിയുമ്പോൾ   വട്ടയില   മണ്ണിൽ   പൊടിഞ്ഞു ചേർന്നുകൊള്ളും. ഈ ലളിതമായ സൂത്രം  ഉപയോഗിച്ചാൽ പറിച്ചു നടീൽ സമയത്ത്  ചെടികൾക്കുണ്ടാകുന്ന ക്ഷതവും അതുമൂലമുണ്ടാകുന്ന തൈകളുടെ നഷ്ടവും   വളരെ എളുപ്പത്തിൽ ഒഴിവാക്കാം.

എന്താ, ഒന്നു പരീക്ഷിക്കയല്ലേ കൂട്ടുകാരേ........................................................ .

സ്നേഹാശംസകളോടെ,

ശിവദാസ്‌ മാസ്റ്റർ പഴമ്പിള്ളി

 

Tuesday, 10 November 2020

പാവൽ (കയ്പ) കൃഷി

 

പാവൽ കൃഷി

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വെള്ളരി വർഗ്ഗ വിളകളാണ് വെളളരി, കുമ്പളം, മത്തൻ, പടവലം, പാവൽ, മുതലായവ.വെള്ളരി വിളകളിൽ പ്രത്യേകം കയ്യടക്കുന്ന പാവൽ ഇംഗ്ലീഷിൽ Bitter Gourd എന്നാണ് അറിയപ്പെടുന്നതു്.  മലയാളികൾ പാവലിനെ കയ്പ്പക്ക എന്നും വിളിക്കാറുണ്ട്. 

ഇതിന്റെ രുചി കയ്പാണ്. എങ്കിലും കാൽസ്യംഇരുമ്പ്, ജീവകം ബി, ജീവകം സി എന്നിവയുടെ കലവറയാണ് പാവൽ. പ്രമേഹ രോഗികൾക്ക് ഉത്തമ ഭക്ഷണമാണിത്.

കൃഷി കാലം

മഴയെ ആശ്രയിച്ച് കൃഷി ചെയ്യുകയാണെങ്കിൽ മെയ്‌ മുതൽ ഓഗസ്റ്റ് മാസം വരെ വിത്ത് നടാം. ജലസേചനം നടത്തി കൃഷി ചെയ്യുകയാണെങ്കിൽ ജനുവരി മുതൽ മാർച്ച് വരെയും സെപ്റ്റംബർ- ഡിസംബർ മാസങ്ങളിലും  വിത്ത് നടാം. 

അനയോജ്യമായ സ്ഥലം, കാലാവസ്ഥ

30 ഡിഗ്രി സെൽഷ്യസ് വരെയുള്ള അന്തരീക്ഷ താപനിലയിൽ പാവൽ നന്നായി വളരും. താപനില അതിലും കൂടുതലായാൽ വൈറസ് ബാധ ഉണ്ടാകാനും പെൺ പൂക്കളുടെ എണ്ണം കുറയാനും സാധ്യതയുണ്ട്.

നല്ല നീർവാർച്ചയും വളക്കൂറുമുള്ള മണ്ണിലാണ് പാവൽ കൃഷി ചെയ്യേ ണ്ടത്. കേരളത്തിൽ മികച്ച പാവൽ ഉണ്ടാകുന്നത് വയനാട് ജില്ലയിലാണ്. 

വിത്തിനങ്ങൾ

കേരള കാർഷിക സർവകലാശാലയിൽ നിന്നും ഏതാനും  അത്യുല്പാദന ശേഷിയുള്ള പാവൽ ഇനങ്ങൾപുറത്തിറക്കിയിട്ടുണ്ട്‌.  പ്രിയപ്രീതിപ്രിയങ്ക എന്നിവ അവയിൽ ഉൾപ്പെടുന്നു. ചെറിയ മുള്ളുകളും പച്ചനിറമുള്ള കായകളും ഉള്ള ഇനമാണ് പ്രിയ. പ്രീതിയും പ്രിയങ്കയും വെളുത്ത കായകളുള്ള ഇനങ്ങളാണ്. ഇരുണ്ട പച്ച നിറവും കടുത്ത കയ്പും ഉള്ള ഏതാനും നാടൻ ഇനങ്ങളും പ്രചാരത്തിലുണ്ട്‌.

സ്ഥലമൊരുക്കൽ, അടിവളം

കൃഷിയിടം നന്നായി കിളച്ചൊരുക്കിയ ശേഷം 60 സെന്റീമീറ്റർ വ്യാസത്തിലും 40 സെന്റീമീറ്റർ ആഴത്തിലും തടങ്ങളെടുക്കാം. ചെടികൾ തമ്മിലും വരികൾ തമ്മിലും രണ്ട് മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കണം.

മണ്ണിലെ അമ്ലത്തിന്റെ അളവനുസരിച്ച് ഒരു കിലോ മുതൽ 3 കിലോ വരെ കുമ്മായം വേണ്ടി വരും. മണ്ണ് പരിശോധിച്ച ശേഷം മാത്രം കുമ്മായത്തിന്റെ അളവ് നിശ്ചയിക്കുക. 

കുമ്മായം ചേർത്ത് ഒരാഴ്ച കഴിഞ്ഞു വേണം അടി വളമായി ജൈവവളം നൽകാൻ. ഒരു സെന്റിന് 60 കിലോ ജൈവവളം ആവശ്യമായിവരും. കോഴിവളമോ വെർമി കമ്പോസ്റ്റോ ആണെങ്കിൽ 15 കിലോ മതിയാകും. പച്ചിലവളമാണെങ്കിൽ 30 കിലോ ചേർക്കണം. 

നടീൽ രീതി

സാധാരണയായി വിത്ത് നേരിട്ട് പാകിയാണ് പാവൽ കൃഷി ചെയ്തുവരുന്നത്. എന്നാൽ ആരോഗ്യമുള്ളതും രോഗപ്രതിരോധശേഷി ഉള്ളതും നല്ല വളർച്ചയുള്ളതുമായ തൈകൾ തിരഞ്ഞെടുത്ത് നടുന്നതും നല്ലതാണ്. അതിനായി വിത്തുകൾ (സീഡിങ് ട്രേ ) പ്രോട്രേകളിൽ പാകി മുളപ്പിച്ചെടുക്കാം. 

ഒരു സെന്റിന്  ഏകദേശം 200 ഗ്രാം വിത്ത് ആവശ്യമായി വരും. വിത്ത് പാകുന്നതിന് മുൻപ് നാലുമണിക്കൂർ സ്യൂഡോമോണോസ് ലായനിയിൽ മുക്കി വയ്ക്കുന്നത് നല്ലതാണ്

ഒരു തടത്തിൽ    ഒരു തടത്തിൽ നാലോ അഞ്ചോ വിത്തുകൾ  വീതം നടാം.. ഒന്നോ രണ്ടോ സെന്റീമീറ്റർ ആഴത്തിൽ വിത്ത് പാകിയാൽ മതിയാകും. നാലഞ്ച് ദിവസത്തിനുള്ളിൽ വിത്തുകൾ മുളച്ചു തുടങ്ങും. ആരോഗ്യമുള്ള തൈകൾ അവശേഷിപ്പിച്ച്  ബാക്കിയുള്ളവ പിഴുതു മാറ്റണം. ഒരു തടത്തിൽ മൂന്ന് തൈകൾ വരെ നിലനിർത്താം.

പ്രോട്രേകളിൽ പാകി പറിച്ചു നടക്കുകയാണെങ്കിൽ വിതച്ച്  20 ദിവസങ്ങൾക്ക് ശേഷമോ, ചെടികൾക്ക് 10 സെന്റീമീറ്റർ മുതൽ 15 സെന്റിമീറ്റർ വരെ ഉയരം വയ്ക്കുമ്പോഴോ പറിച്ചുനടാം.

മേൽവളങ്ങൾ

സ്വന്തം വീട്ടാവശ്യത്തിനായി അടുക്കളത്തോട്ടത്തിലോ  മട്ടുപ്പാവിലോ  കൃഷിചെയ്യുമ്പോൾ പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഈ രീതിയിൽ കൃഷി ചെയ്യുമ്പോൾ ചാണകപ്പൊടിഎല്ലുപൊടിമണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, ചാരം എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് ഒരാഴ്ച ഇടവേളയിൽ ചെടികളുടെ ചുവട്ടിൽ ഇടുന്നത് നല്ലതാണ്.

എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുമ്പോൾ ജൈവവളത്തിനൊപ്പം നേർവളങ്ങളും നൽകുന്നത് നല്ലതാണ്. ഒരു കുഴിയിൽ അഞ്ച് കിലോഗ്രാം ചാണകവും 10 ഗ്രാം യൂറിയയും 80 ഗ്രാം സൂപ്പർ ഫോസ്ഫേറ്റും  40 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും ചേർക്കാം. ജൈവാംശം കൂടിയ മണ്ണിൽ യൂറിയ ഒഴിവാക്കാം.

ജലസേചനം

പാവൽ തടം നന്നായി നനയ്ക്കാൻ ശ്രദ്ധിക്കണം. മഴക്കാലത്ത് തടങ്ങളിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കുകയും വേണം. വേനൽക്കാലത്ത് മൂന്നു ദിവസത്തിൽ ഒരിക്കലെങ്കിലും നനച്ചുകൊടുക്കണം. കളകളെ നിയന്ത്രിക്കാനും ഈർപ്പം നിലനിർത്താനും ചുവട്ടിൽ പുതയിടുന്നത് നല്ലതാണ്.

മറ്റു പരിചരണങ്ങൾ

പാവൽ വിത്ത് മുളച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ പന്തൽ കെട്ടിക്കൊടുക്കണം. രണ്ടു മീറ്റർ ഉയരമുള്ള തൂണുകൾ മൂന്നു മീറ്റർ അകലത്തിൽ നാട്ടിയ ശേഷം കയറോ പ്ലാസ്റ്റിക് കയറോ കൊണ്ട് ബലമായി വരിഞ്ഞുകെട്ടി പന്തൽ ഉണ്ടാക്കാം. പന്തലിന് മുകളിൽ വള്ളി എത്തുന്നതുവരെ ഇരുവശങ്ങളിൽ നിന്നും ഉണ്ടാകുന്നഅധികം പൂക്കാനും കായ്ക്കാനും സാധ്യതയില്ലാത്ത ശിഖരങ്ങൾ നീക്കം ചെയ്യാം. ഇത് കൂടുതൽ വിളവ് നൽകാൻ സഹായിക്കും. ആദ്യത്തെ 10 മുട്ടുകൾ വരെയെങ്കിലും ഇത്തരത്തിൽ അധിക ശിഖരങ്ങൾ നീക്കം ചെയ്യണം. പന്തലിന് മുകളിലേക്ക് വളർന്നതിനുശേഷം 6 ശാഖകൾ വരെ നിലനിർത്തി പ്രധാന ശാഖയുടെ അറ്റം മുറിച്ചുകളയുന്നത് പെട്ടെന്ന് കായ്ക്കാൻ സഹായിക്കും.

പൂക്കലും കായ്ക്കലും

പാവലിൽ സാധാരണയായി ആൺ പൂക്കളാണ് ആദ്യം വിരിയുക. 10–15 ആൺ പൂക്കൾ വിരിഞ്ഞ ശേഷമാണ് ഒരു പെൺ പൂവ് വിരിയുന്നത്. എന്നാൽ പോഷകക്കുറവും കാലാവസ്ഥ വ്യതിയാനങ്ങളും പെൺ പൂക്കളുടെ എണ്ണത്തെ ബാധിക്കാം. പരാഗണം നടത്തുന്നതിന് തേനീച്ചകളുടെ സാന്നിധ്യം ആവശ്യമാണ്. ഇതിനായി രാസകീടനാശിനി പ്രയോഗം പരമാവധി കുറയ്ക്കണം. പരാഗണം നടക്കുന്ന സമയം രാവിലെയായതിനാൽ ഈ സമയത്ത് ഇത്തരം കീടനാശിനികളുടെ പ്രയോഗം ഒഴിവാക്കണം.

നട്ട് രണ്ടു മാസങ്ങൾക്ക് ശേഷം കായകൾ ഉണ്ടാകും. പിന്നീട് ഓരോ ആഴ്ച ഇടവിട്ട് കായകൾ പറിച്ചെടുക്കാനാകും

രോഗ കീട നിയന്ത്രണ മാർഗങ്ങൾ

കായീച്ചകളാണ് പാവലിന്റെ പ്രധാന ശത്രു. ഇവയെ തുരത്താനായി പാവൽ പേപ്പർ കൊണ്ട് പൊതിഞ്ഞു നിർത്താൻ ശ്രദ്ധിക്കാം. ആക്രമണം നേരിട്ട കായ്കൾ യഥാസമയം പറിച്ച് നശിപ്പിക്കാം. 

നടുന്ന സമയത്തും നട്ട് ഒരു മാസത്തിന് ശേഷവും 100 ഗ്രാം വേപ്പിൻപിണ്ണാക്ക് ചുവട്ടിൽ ചേർത്തു കൊടുക്കാവുന്നതാണ്. ഇതോടൊപ്പം കഞ്ഞിവെള്ള കെണി, മീൻ കെണി, പഴക്കെണി തുളസിക്കെണി എന്നിവയും പന്തലിൽ അവിടവിടെയായി തൂക്കിയിടാം. ഫിറമോൺ കെണി ആയ ക്യൂ ലൂർ ഉപയോഗിച്ചും കായീച്ചകളെ കുടുക്കാം.കായീച്ചയുടെ ഫിറമോൺ കെണി കേരള കാർഷിക സർവകലാശാല (മണ്ണത്തി) യിൽ ലഭ്യമാണ്. രണ്ടുമാസം വരെ ഫിറമോൺ കെണികൾ ഉപയോഗിക്കാം. പൂവിടുന്നതിന് ഒന്നു രണ്ടാഴ്ച മുമ്പ് തന്നെ കെണികൾ  തോട്ടത്തിൽ തൂക്കിയിടണം. പന്തലിന്റെ നാലുവശത്തും പല രീതിയിലുള്ള കെണികൾ തൂക്കിയിടാൻ ശ്രദ്ധിക്കാം. . ഒരുതവണ വെള്ളരി വർഗ്ഗ പച്ചക്കറികൾ കൃഷി ചെയ്ത സ്ഥലത്ത് അടുത്ത തവണ മറ്റ് വർഗ്ഗത്തിൽപെട്ട പച്ചക്കറികൾ കൃഷി ചെയ്യുന്നതും  കായീച്ചകളുടെ ശല്യം കുറയ്ക്കാൻ സഹായിക്കും.

2 ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തു ള്ളി മിശ്രിതം സ്പ്രേ ചെയ്യുന്നത് മുഞ്ഞ, വെള്ളീച്ചമണ്ഡരി എന്നിവയുടെ ആക്രമണത്തെ തടയും. ഇലകളും പൂക്കളും തിന്നു നശിപ്പിക്കുന്ന കീടങ്ങളെ തുരത്താനായി ഗോമൂത്രം കാന്താരി മുളക് മിശ്രിതം ഉപയോഗിക്കാം. ഒരു ലിറ്റർ ഗോമൂത്രവും 10 ഗ്രാം കാന്താരിമുളക് അരച്ചതും ഒമ്പത് ലിറ്റർ വെള്ളവും ചേർത്ത് നിർമ്മിച്ച ലായനി അരിച്ചെടുത്ത് സ്പ്രേ ചെയ്യാവുന്നതാണ്. ചിത്ര കീടങ്ങളെ തുരത്താൻ വേപ്പിൻകുരു സത്ത് ഉപയോഗിക്കാം.

പലതരം മിത്രകീടങ്ങൾ തോട്ടത്തിൽ ഉണ്ടായിരിക്കുന്നത് നല്ലതാണ്. മിത്ര കീടങ്ങളുടെ ഇളം ദശകൾ ഭക്ഷിക്കുന്നത് ശത്രുകീടങ്ങളെയാണ് . ജൈവകീടനാശിനികൾക്കൊപ്പം ഇവയുടെ പ്രവർത്തനം കൂടിയാകുമ്പോൾ ശത്രു കീടങ്ങളെ പരമാവധി നിയന്ത്രിക്കാനാകും. മിത്ര കീടങ്ങളുടെ ജീവിതചക്രത്തിൽ പൂർണ്ണവളർച്ചയെത്തിയ പ്രാണികൾ ഭക്ഷിക്കുന്നത് പൂമ്പൊടിയും പൂന്തേനുമാണ്. തലവെട്ടി, തുമ്പ, പെരുവലം, തുളസിമൈലാഞ്ചിബന്ധിചെമ്പരത്തി എന്നീ പൂച്ചെടികൾ തോട്ടത്തിൽ ഉണ്ടായിരിക്കുന്നത് മിത്ര കീടങ്ങളെ തോട്ടത്തിൽ നിലനിർത്തുന്നതിന് സഹായിക്കുന്നു.

20ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ വിത്ത് മുക്കിവച്ചശേഷം നടുന്നത് അനേകം രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. മൃദുരോമപൂപ്പൽ, ചൂർണ്ണപൂപ്പൽ എന്നീ രോഗങ്ങൾക്ക് 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളുടെ മുകൾ ഭാഗത്തും അടിഭാഗത്തും തളിച്ചു കൊടുക്കാവുന്നതാണ്. രോഗാരംഭത്തിൽ തന്നെ ഇത് ചെയ്യാൻ ശ്രദ്ധിക്കണം. രോഗം വന്ന സസ്യഭാഗങ്ങൾ തീയിട്ടു നശിപ്പിച്ചശേഷ മാണ് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടത്

വൈറസ്‌ രോഗമായ മൊസൈക്ക് പരത്തുന്ന വെള്ളീച്ചകളെയും മുഞ്ഞകളെയും തുരത്താൻ മുകളിൽ പ്രതിപാദിച്ചിട്ടുള്ള ജൈവമാർഗ്ഗങ്ങൾ ഉപയോഗിക്കാവു ന്നതാണ്.

പാവൽ കൃഷി ചെയ്യുന്ന പരിസരത്ത് നിന്നും മാറാതെ കൃഷിക്കാരൻ പാവലിനെ പരിചരിച്ചാൽ നന്ന് എന്നാണ് പാവലിന്റെ മോഹം. അതായത്‌ മികച്ച വിളവ്‌ ലഭിക്കുവാൻ  കൃഷിക്കാരന്തോട്ടത്തിൽ നിന്നും മാറാതെ ശ്രദ്ധിക്കണം എന്നാണർത്ഥം.

Monday, 9 November 2020

2020 നവമ്പറിലെ പെൻഷൻ

 

2020 നവമ്പർ മാസത്തിലെ പെൻഷൻ വിതരണക്രമം

2020 നവമ്പർ മാസത്തിലെ പെൻഷൻ വിതരണം പിടിഎസ്ബി അക്കൗണ്ട് നമ്പറിന്റെ അവസാനത്തിലുള്ള അക്കത്തിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നു. പട്ടിക നോക്കുക.

 

    1-ാം പ്രവൃത്തി ദിനം 

        രാവിലെ പൂജ്യം                    ഉച്ചതിരിഞ്ഞ് ഒന്ന്

 

    2-ാം പ്രവൃത്തി ദിനം 

        രാവിലെ രണ്ട്                     ഉച്ചതിരിഞ്ഞ് മൂന്ന്

 

    3-ാം പ്രവൃത്തി ദിനം 

        രാവിലെ നാല്                     ഉച്ചതിരിഞ്ഞ് അഞ്ച്

 

    4-ാം പ്രവൃത്തി ദിനം 

        രാവിലെ ആറ്                     ഉച്ചതിരിഞ്ഞ്  ഏഴ്

 

    5-ാം പ്രവൃത്തി ദിനം 

         രാവിലെ എട്ട്                     ഉച്ചതിരിഞ്ഞ് ഒമ്പത്

 

 പ്രത്യേകം ശ്രദ്ധിക്കക:

        1. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക.

        2. മാസ്ക് ശരിയായ രീതിയിൽ ധരിക്കുക.

        3. ട്രഷറിയിൽ ചെല്ലുമ്പോഴും തിരികെ പോരുമ്പോഴും സാനിറ്റൈസർ                           ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക.

        4.  സാമൂഹ്യ അകലം (മീറ്റർ) പാലിക്കുക.

        5. ജാഗ്രതയോടെ പെരുമാറുക.

ക്ഷേമാശംസകളോടെ,

ശിവദാസ് മാസ്റ്റർ പഴമ്പിള്ളി

മസ്റ്ററിങ്

 2020 നവമ്പർ മാസത്തിലെ പെൻഷൻ വിതരണക്രമം

2020 നവമ്പർ മാസത്തിലെ പെൻഷൻ വിതരണം പിടിഎസ്ബി അക്കൗണ്ട് നമ്പറിന്റെ അവസാനത്തിലുള്ള അക്കത്തിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നു. പട്ടിക നോക്കുക.

 

    1-ാം പ്രവൃത്തി ദിനം 

        രാവിലെ പൂജ്യം                    ഉച്ചതിരിഞ്ഞ് ഒന്ന്

    2-ാം പ്രവൃത്തി ദിനം 

        രാവിലെ രണ്ട്                     ഉച്ചതിരിഞ്ഞ് മൂന്ന്

    3-ാം പ്രവൃത്തി ദിനം 

        രാവിലെ നാല്                     ഉച്ചതിരിഞ്ഞ് അഞ്ച്

    4-ാം പ്രവൃത്തി ദിനം 

        രാവിലെ ആറ്                     ഉച്ചതിരിഞ്ഞ്  ഏഴ്

    5-ാം പ്രവൃത്തി ദിനം 

         രാവിലെ എട്ട്                     ഉച്ചതിരിഞ്ഞ് ഒമ്പത്

 പ്രത്യേകം ശ്രദ്ധിക്കക:

        1. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക.

        2. മാസ്ക് ശരിയായ രീതിയിൽ ധരിക്കുക.

        3. ട്രഷറിയിൽ ചെല്ലുമ്പോഴും തിരികെ പോരുമ്പോഴും സാനിറ്റൈസർ                       ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക.

        4.  സാമൂഹ്യ അകലം (മീറ്റർ) പാലിക്കുക.

        5. ജാഗ്രതയോടെ പെരുമാറുക.

ക്ഷേമാശംസകളോടെ,

ശിവദാസ് മാസ്റ്റർ പഴമ്പിള്ളി

സ്ഥലം വാങ്ങുമ്പോൾ .....

 

സ്ഥലം വാങ്ങുബോള്‍ 
അവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ സ്ഥലം വാങ്ങാന്‍ തീരുമാനിച്ചോ? ഭൂമിയുടെ വില കേരളത്തില്‍ കുതിച്ചുയര്‍ന്നിരിക്കുന്ന ഈ അവസ്ഥയില്‍ നിങ്ങള്‍ സ്വരുകൂട്ടിയ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് സ്ഥലം വാങ്ങുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തിയില്ലെങ്കില്‍ ചതിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് നിങ്ങള്‍ക്ക് പരിചയം കുറഞ്ഞ പ്രദേശത്താണ് വാങ്ങുന്നതെങ്കില്‍.

സാധാരണക്കാരായ ഭൂരിഭാഗം ആളുകളും ജീവിതത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമായിരിക്കും സ്ഥലം വാങ്ങുന്നത്. അതും വീട് വെക്കുക എന്ന ഉദ്ദേശത്തില്‍ ആയിരിക്കും. അത് കൊണ്ട് തന്നെ നമ്മുടെ പരിചയ കുറവ് ഇടനിലക്കാരും വില്പനക്കാരും ചൂഷണം ചെയ്യാന്‍ സാധ്യത വളരെ കൂടുതലാണ്. എന്തായാലും നിക്ഷേപം എന്ന നിലയ്ക്കോ അല്ലാതെയോ സ്ഥലം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

1. റിയല്‍ എസ്റ്റേറ്റ്‌ ഏജെന്റ്റ് മാര്‍ വഴിയല്ലാതെ സ്ഥലം വാങ്ങുക എന്നുള്ളത് ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ്. ഇവര്‍ക്ക് വില്പനവിലയുടെ ശതമാനമാണ് കമ്മീഷന്‍ എന്നുള്ളത് കൊണ്ട് വില കൂട്ടിയായിരിക്കും നമ്മളെ അറിയിക്കുക. അത് കൊണ്ട് തന്നെ സ്ഥലം കണ്ടു കഴിഞ്ഞാല്‍ വില ഉടമസ്ഥനുമായി നേരിട്ട് സംസാരിച്ചു തീരുമാനിക്കാം എന്ന് ബ്രോക്കറെ ബോധ്യപ്പെടുത്തുക. ഏജെന്റുമായി വിലപേശല്‍ നടത്താതിരിക്കുക. ഉടമസ്ഥന്‍ സ്ഥലത്തില്ലെങ്കില്‍ ഫോണ്‍ നമ്പര്‍ വാങ്ങുക.

2. ഗ്രാമങ്ങള്‍ ഒഴികെ മിക്ക സ്ഥലങ്ങളിലും സ്ഥലം വാങ്ങുന്ന ആള്‍ ബ്രോക്കര്‍ കമ്മിഷന്‍ കൊടുക്കേണ്ട ആവശ്യമില്ല. അങ്ങനെ കൊടുക്കുന്ന സ്ഥലമാണെങ്കില്‍ എത്ര രൂപയാണ് അയാളുടെ കമ്മീഷന്‍ എന്നോ അല്ലെങ്കില്‍ വിലയുടെ എത്ര ശതമാനമാണ് കമ്മീഷന്‍ എന്നോ ആദ്യം തന്നെ പറഞ്ഞു ഉറപ്പിക്കുക. പലപ്പോഴും വാങ്ങുന്ന ആളോട് ചായക്കാശു മതി എന്ന് പറഞ്ഞു അവസാനം അമേരിക്കയില്‍ പോയി ചായ കുടിച്ചു വരാനുള്ള തുകയായിരിക്കും അവര്‍ ആവശ്യപ്പെടുക.

3. ആദ്യം തന്നെ സ്ഥലം കുടുംബാന്ഗങ്ങള്‍, അടുത്ത സുഹൃത്തുക്കള്‍ എന്നിവരുമായി സന്ദര്‍ശിക്കുക. സ്ഥലം ഇഷ്ടപ്പെട്ടെങ്കില്‍ സ്ഥലത്തിന്റെ അതിരിലുള്ള അയല്‍ക്കാരുമായി കുശലം പറയാന്‍ മടിക്കരുത്. അതിര്‍ത്തി പ്രശ്നങ്ങള്‍, ഏകദേശ വില , സ്ഥലത്തിന്റെയും പരിസരതിന്റെയും മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍, ജലത്തിന്റെ ലഭ്യത, അയല്‍ക്കാരുടെ സ്വഭാവം , എന്ത് കൊണ്ടാണ് ഉടമസ്ഥന്‍ സ്ഥലം വില്‍ക്കുന്നത് എന്നീ കാര്യങ്ങളില്‍ ഒരു പരിധി വരെ ഒരു അറിവ് ലഭിക്കുന്നതിനു ഇത് ഉപകരിക്കും. ഇവരുമായി സംസാരിക്കുമ്പോള്‍ ബ്രോക്കറുടെ സാന്നിധ്യം ഒഴിവാക്കുകയാണ് ഉത്തമം.

4. വീട് ഉള്ള സ്ഥലമാണെങ്കില്‍ വീട് മുഴുവന്‍ നോക്കി പരിശോധിക്കണം. മഴ ഉള്ള സമയത്ത് നോക്കുകയാണെങ്കില്‍ ചോര്ച്ചയോ , വെള്ളക്കെട്ടോ മറ്റോ ഉണ്ടെങ്കില്‍ മനസിലാക്കാം.

5. വസ്‌തു വാങ്ങുമ്പോള്‍ അത്‌ വില്ക്കുന്നയാളിന്‌ ആ ഭൂമിയില്‍ യഥാര്ത്ഥ ഉടമസ്ഥാവകാശം ഉണ്ടെന്ന്‌ ഉറപ്പാക്കണം. സ്ഥലത്തിന്റെ ആധാരം, ലഭ്യമായ മുന്നാധാരങ്ങള്‍ , പട്ടയം, പോകുവരവ് രശീത് , കുടിക്കട സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍ ഉടമസ്ഥനില്‍ നിന്നോ ബ്രോക്കര്‍ വഴിയോ വാങ്ങണം. ഇവ ഒരു ആധാരം എഴുത്ത് കാരനെ കൊണ്ടോ വക്കീലിനെ കൊണ്ടോ പരിശോധിപ്പിച്ചു കുഴപ്പം ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തണം. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ബന്ധപെട്ട സര്‍ക്കാര്‍ ഓഫീസില്‍ നിന്നും കാര്യങ്ങള്‍ നമ്മുക്ക് നേരിട്ട് വെരിഫൈ ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് ആധാരം, no encumbrance സര്‍ട്ടിഫിക്കറ്റ് എന്നിവ സബ് രെജിസ്റ്റര്‍ ഓഫീസില്‍ നിന്നും, പോക്കുവരവ് ( ഭൂനികുതി അടച്ചത് ) വില്ലേജ് ഓഫീസില്‍ നിന്നും, പട്ടയം സംബന്ധിച്ച് ലാന്‍ഡ്‌ ട്രിബ്യൂണല്‍ ഓഫീസില്‍ നിന്നും സംശയ നിവൃത്തി വരുത്തുകയോ കൂടുതല്‍ രേഖകള്‍ പരിശോധിക്കുകയോ ചെയ്യാം.

6. Encumbrance (കുടിക്കട ) സര്‍ട്ടിഫിക്കറ്റ് ഈ ഭൂമിയുടെ പേരില്‍ എന്തെങ്കിലും വായ്പയോ മറ്റു നിയമപരമായ ബാധ്യതകളോ ഉണ്ടോ എന്നും ഈ വസ്തുവില്‍ എന്തെല്ലാം transaction നടന്നു എന്നും രേഖപ്പെടുത്തിയിരിക്കും. സാധാരണ 13 വര്‍ഷത്തെ വിവരങ്ങളാണ് ഇതില്‍ ഉണ്ടാവുക എങ്കിലും വേണമെങ്കില്‍ നമുക്ക് കഴിഞ്ഞ 30 വര്ഷം വരെയുള്ള ബാധ്യതാ സര്‍ട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്.

7. വില്ലേജ് ഓഫീസില്‍ നിന്നും ലൊക്കേഷന്‍ സ്കെച്, പ്ലാന്‍ എന്നിവ വാങ്ങി ഇത് വില്‍ക്കുന്ന ആള്‍ക്ക് കൈവശം ഉള്ള സ്ഥലമാണോ എന്നും പുറമ്പോക്ക് ഒന്നും ഉള്‍പെട്ടിട്ടില്ല എന്നും ഉറപ്പാക്കാവുന്നതാണ്.

8. കോടതി വ്യവഹാരങ്ങള്‍ ഉണ്ടായിരുന്ന വസ്തുവാണെങ്കില്‍ അതിന്റെ വിവരങ്ങള്‍ കോടതിവിധിയുടെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുക.ഇക്കാര്യത്തില്‍ ഒരു അഭിഭാഷകന്റെ ഉപദേശം തേടുന്നത്‌ നന്നായിരിക്കും.കൂട്ടുകുടുമ്പ സ്വത്തില്‍ നിന്നും സ്ഥലം വാങ്ങുമ്പോഴും വളരെയധികം ശ്രദ്ധിക്കുക.

9. പിന്തുടര്‍ച്ച അവകാശമായി ലഭിച്ച ഭൂമി വങ്ങുമ്പോള്‍ പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് കൂടി വാങ്ങണം. വസ്തു പണയപ്പെടുത്തി ലോണ്‍ എടുക്കാന്‍ ഈ രേഖ കൂടിയേ തീരൂ.

10. വീട് ഉള്ളതാണെങ്കില്‍ അതിന്റെ വസ്തു നികുതി, കറന്റ്‌ ചാര്‍ജ്, വാട്ടര്‍ ചാര്‍ജ് എന്നിവ കുടിശികയില്ലാതെ അടച്ചിട്ടുണ്ടോ എന്ന് നോക്കണം.

11. സ്ഥലം wet ലാന്‍ഡ്‌ (കൃഷിഭൂമി) അല്ല എന്നും data ബാങ്കില്‍ ഉള്പെട്ടതല്ല എന്നും വില്ലേജ് ഓഫീസില്‍ നിന്നും ഉറപ്പാക്കുക. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ വീട് വെക്കുന്നത് നിയമവിരുദ്ധമാണ്. വാങ്ങിക്കുന്ന സ്ഥലം, കെട്ടിടം നിര്‍മിക്കാന്‍ സാധിക്കുന്നതാണോയെന്ന് കെട്ടിട നിര്‍മാണ ചട്ട പ്രകാരം രജിസ്റ്റര്‍ ചെയ്ത ലൈസന്‍സികള്‍ മുഖേന ഉറപ്പുവരുതതാവുന്നതാണ്.

12. വസ്തുവിലെ മണ്ണിന്റെ ഉറപ്പ്‌ പരിശോധിച്ച്‌ കെട്ടിടം വെക്കുവാന്‍ അനുയോജ്യമാണോ എന്ന് തീര്‍ച്ചപ്പെടുത്തുക.

13. പ്രസ്തുത സ്ഥലം ടൗണ്‍ പ്ലാനിങ് സ്‌കീമില്‍ ഉള്‍പ്പെട്ടതാണോയെന്ന് ലൊക്കേഷന്‍ പ്ലാന്‍ കാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും അറിയാവുന്നതാണ്. ഇതിന് സ്ഥലം ഉള്‍പ്പെട്ട വില്ലേജും സര്‍വേ നമ്പരും സ്ഥലത്തിന്റെ ലൊക്കേഷന്‍ പ്ലാനും സഹിതം തദ്ദേശ സ്വയംഭരണം സ്ഥാപനത്തെ ബന്ധപ്പെടാവുന്നതാണ്. അത് പോലെ ഗ്രീന്‍ ബെല്‍റ്റ്‌ ആയി പ്രഖ്യാപിച്ച സ്ഥലമാണെങ്കില്‍ കെട്ടിട നിര്‍മ്മാണം സാധിക്കില്ല.

14. അംഗീകൃത പദ്ധതികള്‍ പ്രകാരം, റോഡ് വീതി കൂട്ടുന്നതിന് പ്ലോട്ടില്‍ നിന്നും സ്ഥലം വിടേണ്ടതുണ്ടെങ്കില്‍ അതിനു ശേഷം ബാക്കിവരുന്ന പ്ലോട്ടില്‍ മാത്രമേ നിര്‍മാണം നടത്താന്‍ സാധിക്കുകയുള്ളൂ. ഇതു സംബന്ധമായ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ജില്ലാ ടൗണ്‍ പ്ലാനറില്‍ നിന്നോ അറിയാവുന്നതാണ്.

15. സംരക്ഷിത സ്മാരകങ്ങള്‍, തീരദേശ പ്രദേശങ്ങള്‍ തുടങ്ങിയവക്ക് ബാധകമാക്കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എന്തെങ്കിലും പ്രസ്തുത സ്ഥലത്ത് ബാധകമാണോ എന്ന് പരിശോധിക്കേണ്ടതാണ്. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ശാസ്ത്ര സാങ്കേതിക – പരിസ്ഥിതി വകുപ്പില്‍ നിന്നോ അറിയാവുന്നതാണ്.

16. ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള പ്ലോട്ടുകള്‍ കഴിവതും ഒഴിവാക്കുക.

17. പ്ലോട്ട്‌ തിരിച്ചു വില്‍പന നടത്തുന്നവരുടെ പക്കല്‍ നിന്നും ഭൂമി വാങ്ങുമ്പോള്‍ അവയ്ക്ക് ജില്ലാ ടൗണ്‍ പ്ലാനറുടെയോ ചീഫ് ടൗണ്‍ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അമ്പതു സെന്റിനു മുകളില്‍ ഒരേ സര്‍വ്വേ നമ്പരിലുള്ള ഭൂമി മുറിച്ച്‌ വില്‍ക്കുമ്പോള്‍ ടൌണ്‍ പ്ലാനിംഗ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക അനുമതി ആവശ്യമാണ്‌. ലേ ഔട്ട് അംഗീകാരം ലഭ്യമായ പ്ലോട്ടുകള്‍ മാത്രം വാങ്ങുക.

18. സ്ഥലത്തേക്ക്‌ സ്വകാര്യ വഴിയുണ്ടെങ്കിലത്‌ ആധാരത്തില്‍ കാണിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. വഴി വേറെ സ്ഥലത്ത് കൂടി ആണെങ്കില്‍ ആ സ്ഥലത്തിന്റെ ഉടമസ്ഥനുമായി ചര്‍ച്ച ചെയ്തു വഴി തുടര്‍ന്നും ലഭിക്കും എന്ന് ഉറപ്പു വരുത്തുക. അതുപോലെ തന്നെ നിങ്ങള്‍ വാങ്ങുന്ന സ്ഥലത്തിലൂടെ മറ്റുള്ളവര്‍ക്ക്‌ വഴി അനുവദിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുക.

19. ഏകദേശം എല്ലാ കാര്യങ്ങളും തൃപ്തികരമാണ് എങ്കില്‍ മാത്രം വിലയെ കുറിച്ച് സംസാരിക്കുക. വസ്തുവിന്റെ സമീപ പ്രദേശങ്ങളിലെ വിലയെ കുറിച്ച് ഒരു അന്വേഷണം നടത്തുക. വിലപേശല്‍ ഉടമസ്ഥനുമായി നേരിട്ട് നടത്തുക. വളരെ വില കുറച്ചു ഒരു വസ്തു ഓഫര്‍ ചെയ്യുകയാണെങ്കില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു.

20. വില തീരുമാനിച്ചു കഴിഞ്ഞാല്‍ അഡ്വാന്‍സ്‌ തുക കൊടുക്കുന്ന ദിവസം ഉടമസ്ഥനുമായി എഗ്രിമെന്റ് ഉണ്ടാക്കുക. 100 രൂപ പത്രത്തിലാണ് എഗ്രിമെന്റ് എഴുതുക. കൊടുക്കുന്ന അഡ്വാന്‍സ്‌, മൊത്ത വില, മറ്റു കണ്ടിഷന്‍സ്, ആധാരം രജിസ്റ്റര്‍ ചെയ്യുന്ന തിയതി ഇവയെല്ലാം എഗ്രിമെന്റില്‍ ഉണ്ടായിരിക്കണം. എഗ്രിമെന്റ് എഴുതുന്ന സമയം എല്ലാ രേഖകളുടെയും ഒറിജിനല്‍ പരിശോധിച്ച് കുഴപ്പമില്ല എന്ന് ഉറപ്പാക്കണം. അല്‍പ്പം ചിലവു വരുമെങ്കിലും എഗ്രിമെന്റ് രേജിസ്റെര്‍ ചെയ്യുന്നതാണ് നല്ലത്.

21. ഏതെങ്കിലും കാരണവശാല്‍ എഗ്രിമന്റ്‌ സമയത്തിനുള്ളില്‍ വില്‍ക്കുന്ന ആള്‍ക്കോ വാങ്ങുന്ന ആള്‍ക്കോ ആധാരം റെജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയാതെ വരികയാണെങ്കില്‍ അക്കാര്യം ഇരുകക്ഷികളും ഒപ്പിട്ട ഒരു എഗ്രിമെന്റുണ്ടാക്കുകയോ പുതിയ ഒരെണ്ണം ഉണ്ടാക്കുകയോ വേണം.എഗ്രിമെന്റില്‍ നിന്നും വില്‍ക്കുന്ന ആള്‍ നല്‍കിയ അഡ്വാന്‍സ്‌ തിരികെതരാതെ പിന്‍ വാങ്ങാന്‍ ശ്രമിക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണ്‌.

22. സ്ഥലം വാങ്ങുന്നതിന് മുന്‍പ് വസ്തു അളന്നു അതിരുകള്‍ കൃത്യമായി മനസ്സിലാക്കണം. ലൈസെന്‍സ് ഉള്ള സര്‍വെയരെ ഇതിനായി വിളിക്കാം. അളക്കുന്നത് നിലവിലെ ഉടമയുടെ സാന്നിധ്യത്തില്‍ ആവണം . അടുത്തുള്ള ഭൂമിയുടെ ഉടമസ്ഥരെ നിങ്ങള്‍ വാങ്ങാനുദ്ധേശിക്കുന്ന വസ്തു അളക്കുന്നതിനു മുമ്പ്‌ അറിയിക്കുക. അതിര്‍ത്തികള്‍ വ്യക്തമാകുന്ന രീതിയില്‍ കാലുകള്‍ നാട്ടുന്നത് നല്ലതാണ്‌.

23. വലിയ തുകക്കുള്ള വസ്തു ആണെങ്കില്‍ വാങ്ങുന്നതിനു മുമ്പ് ഒരു പത്ര പരസ്യം ചെയ്യുന്നത് ഉത്തമമാണ്. ഇന്ന സ്ഥലം ഞാന്‍ വാങ്ങുന്നതില്‍ ആര്‍ക്കെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണം എന്നതായിരിക്കണം പരസ്യം.

24. സ്ഥലത്തിന്റെ ഉടമ വിദേശത്ത് ആണെങ്കില്‍ അദ്ദേഹം പവര്‍ ഓഫ് അറ്റോര്‍ണി (മുക്ത്യാര്‍ ) നല്‍കിയ ആളില്‍ നിന്നെ ഭൂമി വാങ്ങാവൂ.

25. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമ ഒരു പട്ടികവര്ഗകക്കാരനാണെങ്കില്‍ ഭൂമി വാങ്ങുന്നതിനുമുമ്പ്‌ നിര്ബ്ന്ധമായും ജില്ലാ കളക്‌റ്ററുടെ അനുമതി വാങ്ങണം.

26. ആധാരം റെജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പെ പ്രസ്തുത സ്ഥലത്ത്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തതിരിക്കുന്നതാണ്‌ നല്ലത്‌.

27. വസ്തു വാങ്ങുന്ന ആളാണ്‌ രേജിസ്ട്രഷന് മുദ്ര പത്രം വങ്ങേണ്ടത്. ആധാരത്തിനു വിലകുറച്ച്‌ കാണിച്ച്‌ മുദ്രപത്രത്തിന്റെ ചെലവുകുറക്കുന്നത്‌ നല്ലതല്ല.

28. എഗ്രിമെന്റ് കാലാവധിക്ക് മുമ്പ് തന്നെ ലൈസന്‍സുള്ള വിശ്വസ്തനായ ഒരു ആധാരമെഴുത്തു കാരനെക്കൊണ്ട് ആധാരം തയ്യാറാക്കണം. അസ്സല്‍ എഴുതും മുന്‍പ് ഡ്രാഫ്റ്റ്‌ വായിച്ചു നോക്കണം. അടുത്തുള്ള വസ്തു ഉടമകളുടെ പേര്, അളവുകള്‍ എല്ലാം കൃത്യം ആയിരിക്കണം. ആധാരം എഴുതുന്ന ആള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്‌ മാത്രമേ കൊടുക്കാവൂ. സബ് രെജിസ്ട്രി ഓഫീസില്‍ കൈകൂലി കൊടുക്കാന്‍ എന്ന പേരില്‍ അധികം തുക കൊടുക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായ വിലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഒരു ആധാരവും മതിയായ തുകയ്ക്കുള്ള മുദ്രപത്രം ഉണ്ടെങ്കില്‍ രജിസ്ട്രാര്‍ക്ക് തളളാന്‍ അധികാരമില്ല. ആധാരം എഴുത്തുകാരന് കൊടുക്കുന്ന ഫീസിനു രശീത്‌ വാങ്ങുക.

29. ഉടമസ്ഥന്‍ പറഞ്ഞ സമയത്ത്‌ പ്രമാണം എഴുതി തരുന്നില്ലാ എങ്കില്‍, എഗ്രിമെന്റ് കാലാവധി തീരുന്ന ദിവസം നിങ്ങള്‍ ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ആഫീസില്‍ പോയി രേജിസ്ട്രരെ നേരില്‍ കണ്ടു എഗ്രിമെന്റ് കാണിച്ചു താന്‍ ഹാജരായ വിവരം രേഖപ്പെടുത്താന്‍ ആവശ്യപ്പെടണം. അന്നേ ദിവസത്തെ ഏതെങ്കിലും ഒന്ന് രണ്ട് ആധാരങ്ങളില്‍ സാക്ഷി ആയി നില്‍ക്കുകയാണെങ്കില്‍ നന്ന്. തുടര്‍ന്ന് കരാര്‍ ലങ്ഘിച്ച ഉടമസ്ഥനോട് വസ്തു എഴുതി തരാന്‍ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കണം. ഏതെങ്കിലും കാരണവശാല്‍ അയാള്‍ പ്രമാണം എഴുതി തരുന്നില്ലാ എങ്കില്‍ കോടതി മുഖേനെ വസ്തുഎഴുതി കിട്ടാന്‍ അന്യായം ഫയല്‍ ചെയണം.

30. രെജിസ്ട്രേഷന്‍ സമയത്ത് അസല്‍ ആധാരം, വസ്തുവിന്റെയും വീടിന്റെയും കരമടച്ച രസീത്, വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ വേണം. വസ്തുവിന്റെ മുന്നധാരം ഉണ്ടെങ്കില്‍ നന്ന്. വില്‍ക്കുന്ന ആളെ അറിയാമെന്നു സാകഷ്യപ്പെടുത്തിക്കൊണ്ട് രണ്ടു സാക്ഷികളും ഒപ്പിടണം. അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്തു വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡിന്റെയും തിരിച്ചറിയല്‍ രേഖയുടെയും കോപ്പി സബ് രെജിസ്ട്രാര്‍ ഓഫീസില്‍ നല്‍കണം. വസ്തു വാങ്ങുന്നയാല്‍ വിദേശത്ത് ആണെങ്കില്‍ ആവശ്യമായ സ്ഥലങ്ങളില്‍ വിരലടയാളവും ഒപ്പും ഇട്ടു ആധാരം തപാലില്‍ എത്തിച്ചാല്‍ മതി.

31. രേജിസ്ട്രഷന് ശേഷം മാത്രമേ ബ്രോക്കറുടെ ഫീസ്‌ ഉണ്ടെങ്കില്‍ കൊടുക്കാവൂ. പത്ര പരസ്യം മുഖേനയോ മറ്റോ ഉടമസ്ഥനുമായി നേരിട്ട് ഇടനിലക്കാരില്ലാതെ ഇടപാട് നടത്തിയാലും ചിലപ്പോള്‍ സ്ഥലത്തെ ബ്രോക്കര്‍മാര്‍ കമ്മിഷന്‍ തട്ടാന്‍ വേണ്ടി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. അത് ഒരിക്കലും വക വെച്ച് കൊടുക്കരുത്. പ്രശ്നം ഉണ്ടാവുകയാണെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുക.

32. വാങ്ങുന്ന വസ്തുവിലുള്ള അവകാശം പൂര്‍ണമാകണം എങ്കില്‍ ഭൂമി പോക്ക് വരവ് ചെയ്യണം. നികുതി അടച്ചു വില്ലേജ് ഓഫീസ് രേഖകളില്‍ പുതിയ ഉടമയുടെ പേര് ചേര്‍ക്കുന്ന നടപടിയാണ് ഇത്. ആധാരത്തിന്റെ ഒരു കോപ്പി ഇതിനായി വില്ലേജ് ഓഫീസില്‍ നല്‍കണം. രജിസ്ട്രേഷന്‍ ദിവസം തന്നെ രജിസ്ട്രാരുടെ ഒപ്പും ഓഫീസ് സീലും ആധാര നമ്പരും ചേര്‍ത്ത ഒരു കോപ്പി വാങ്ങാം.

രജിസ്ട്രേഷന്‍ നിയമങ്ങളും ആധാരമെഴുത്ത് ഫീസും മറ്റും വിശദമായി അറിയാന്‍ http://keralaregistration.gov.in/index.php


ചെടികൾക്കൊരു ടോണിക്ക്

 വിളവ് പത്തിരട്ടിയാക്കാൻ



1. 0. പച്ചക്കറി  കൃഷിയിൽ നിന്നും ലഭിക്കുന്ന വിളവ് പലപ്പോഴും കുറവാണെന്ന പരാതി ഉള്ളവരാണ് ഭൂരിഭാഗം ആളുകളും. 

നാം ചെയ്യുന്ന പച്ചക്കറി കൃഷിയിൽ നിന്നും മികച്ച വിളവ് ലഭിക്കണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നതു്. എന്നാൽ ആഗ്രഹം മിക്കപ്പോഴും സഫലമാകാറില്ല. നിരാശരായി കൃഷി നിറുത്തി വിഷ സഹിത പച്ചക്കറി വാങ്ങി ഉപയോഗിക്കാൻ തുടങ്ങും അവർ. അവരുടെ നിരാശയകറ്റി, വീണ്ടും പച്ചക്കറി കൃഷിയിലേക്ക് ആകർഷിക്കുവാൻ, പച്ചക്കറി വിളവ് പത്തിരട്ടിയാക്കാനിതാ  ഒരുഗ്രൻ കുറുവഴി. എന്താണതെന്നോ? ധൃതിവെയ്ക്കേണ്ട, പറയാം. നമുക്ക് തയ്യാറാക്കാം വിഷരഹിത വിളവു വർദ്ധിനി.

2.0.വിഷരഹിത വിളവു വർദ്ധിനി

2.1.ആവശ്യമായ സാധനങ്ങൾ:

1. കഞ്ഞിവെള്ളം                                  1 ലിറ്റർ

2. നാളികേര വെള്ളം                            1 ലിറ്റർ

3. വെള്ളപ്പയറു പൊടിച്ചത്                  100 ഗ്രാം

4. ഉലുവ / മുതിര / ചെറുപയർ /

    ഉഴുന്ന് / കടല ഏതെങ്കിലും ഒന്ന്     100ഗ്രാം  

5. പിണ്ണാക്ക്                                           100ഗ്രാം

6. പച്ചക്കറി / പഴം അവശിഷ്ടങ്ങൾ  200ഗ്രാം

7. ശർക്കര                                             10 ഗ്രാം

(8. പറമ്പിലെ മണ്ണ്                                10 ഗ്രാം)

3.1.നിർമ്മാണം:

മുകളിൽ കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം  ഒരു പാത്രത്തിൽ എടുത്ത് നല്ലപോലെ ഇളക്കണം. പ്രദക്ഷിണ ദിശയിലായിരിക്കണം ഇളക്കുന്നത്. അതിനു ശേഷം പാത്രത്തിൻ്റെ വായ് ഭാഗം തുണികൊണ്ട് മൂടിക്കെട്ടുക.  (വായു നിബന്ധമായി കെട്ടരുതു്.) പാത്രം നേരിട്ട് വെയിൽ ഏല്ക്കാത്ത വിധം വെക്ക ണം.വൈകീട്ട് ഒന്നുകൂടി ഇളക്കണം (2 മിനിറ്റു നേരം മതി.) ഇങ്ങനെ 5 ദിവസം ചെയ്യുക.

ആറാം ദിവസം പാത്രത്തിൽ മുകളിൽ തെളിഞ്ഞ ലായനി ഊറ്റിയെടുക്കുക. 

തെളിലായനി കുപ്പിയിൽ സൂക്ഷിക്കുക.

ചെടികളിൽ തളിക്കുന്ന സമയം ഈ ലായനി യുടെ 5മുതൽ 10 ഇരട്ടി വരെ വെള്ളം ചേർത്ത് നേർപ്പിക്കണമെന്ന കാര്യം മറന്നു പോകരുതു്.

തെളി ലായനി ഊറ്റിയെടുത്ത ശേഷം പാത്രത്തിൽ അവശേഷിക്കുന്ന വസ്തുക്കളിലേക്ക് പുതിയ ചേരുവകൾ ചേർത്ത് വി.വി.വ. തെയ്യാറാക്കാം. ഈ പ്രക്രിയ ആവർത്തിക്കാം.

4.0.ഉപയോഗിക്കുന്ന വിധം: 

നേർപ്പിച്ച ലായനി പച്ചക്കറികളുടെ ഇലയിൽ തളിച്ചു കൊടുക്കുക. ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കെഴുകുകയും ചെയ്യണം. 3 ദിവസം ഇടവിട്ട്  ലായനി പ്രയോഗം ആവർത്തിക്കുക. വളരെ വേഗത്തിലും വർദ്ധിച്ച അളവിലും വിളവ് ലഭിക്കും  എന്ന കാര്യം. ഉറപ്പാണ്.



ജീവാമൃതം

നമുക്കും തയ്യാറാക്കാം  ജീവാമൃതം

മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നത് അതിലുള്ള സൂക്ഷ്മാണുക്കളാണ്. അവയാണ് ജൈവവസ്തുക്കൾ വിഘടിപ്പിച്ച് ചെടികളുടെ വളർച്ചയ്ക്ക് ലഭ്യമാക്കുന്നതു്. ആധുനിക കാലഘട്ടത്തിൽ നടത്തിയ കൃത്രിമ രാസവളങ്ങൾ ഉപയോഗിച്ചുള്ള കൃഷി മണ്ണിലുണ്ടായിരുന്ന ഈ സൂക്ഷ്മാണുക്കളെ കൊന്നൊടുക്കി. മണ്ണു മരിച്ചു. മരിച്ച മണ്ണിലെങ്ങനെ ജീവൻ്റെ തുടിപ്പുകളുണ്ടാകും? മണ്ണിൻ്റെ ഫലഭൂയിഷ്ഠത നഷ്ടമായി. അത്തരം മണ്ണിൽ വിതക്കുന്ന വിത്തുകൾ മുളക്കില്ല. മുളച്ചാൽ തന്നെ വളർന്ന് മികച്ച വിളവുകൾ തരില്ല. കാഴ്ചയും ചിന്താ ശക്തി യും നഷ്ടപ്പെട്ട, അത്യാഗ്രഹിയായ മനുഷ്യൻ്റെ പ്രവൃത്തികൾ വരുത്തിവെച്ച വിന. മനുഷ്യാ നീ മണ്ണാകുന്നു എന്ന വചനം കേട്ടിട്ടില്ലേ. മണ്ണില്ലെങ്കിൽ മനുഷ്യനില്ല എന്ന കാര്യം മറക്കരുത്. മണ്ണ് മനുഷ്യൻ്റേതല്ല, മറിച്ച് മനുഷ്യൻ മണ്ണിൻ്റെതാണ്. മണ്ണിനെ സംരക്ഷിച്ചാൽ മാത്രമേ മനുഷ്യരാശിക്കു നിലനില്പുള്ളു. അതിനാൽ മണ്ണിൻ്റെ നഷ്ടപ്പെട്ട ജൈവ ശക്തി വീണ്ടെടുക്കണം. അതിനായി നമുക്കു നിർമ്മിക്കാം ജൈവാമൃതം അഥവാ ജീവാമൃതം.

ജീവാമൃതം നിർമ്മിക്കാനുള്ള ചേരുവകൾ

        1. നാടൻ പശുവിൻ്റെ ചാണകം                   10കിലോഗ്രാം

        2. നാടൻ പശുവിൻ്റെ മൂത്രം                         10 ലിറ്റർ

        3. വെള്ളപ്പയറ് (അരച്ചത് )                         2 കിലോഗ്രാം

        4. ശർക്കരപ്പൊടിച്ചത് (കറുത്തത് )               2 കിലോഗ്രാം

        5. കൃഷിയിടത്തിലെ മണ്ണ്                            200 ഗ്രാം

        6. വെള്ളം                                                 200 ലിറ്റർ

നിർമ്മാണ രീതി

ഒരു പ്ലാസ്റ്റിക് ബാരലിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള ചേരുവകൾ എടുത്ത്  കൈകൾ കൊണ്ട് നല്ലപോലെ കലർത്തുക. അതിലേക്ക് ആറാം ചേരുവായ 200 ലിറ്റർ വെള്ളം അല്പാല്പമായി ചേർത്ത് ഒരു തടിക്കഷ്ണം കൊണ്ട്  ഇളക്കിക്കുക. മുഴുവൻ ജലവും ചേർത്ത് കഴിഞ്ഞാൽ മിശ്രിതം കുറച്ചു നേരം കൂടി ഇളക്കണം. അതിനു ശേഷം ബാരലിൻ്റെ വായ്ഭാഗം ചണ ചാക്കു കൊണ്ട് മൂടണം. ബാരൽ വെയിൽ കൊള്ളാതെ തണലിൽ സൂക്ഷിക്കണം. ദിവസം 3 പ്രാവശ്യം 3 മിനിറ്റ് വീതം ഇളക്കണം.

3 ദിവസം കഴിയുമ്പോൾ ലായനി പുളിക്കുന്നതിനാൽ ദുർഗന്ധം ഉണ്ടാകും. ഈ ഘട്ടത്തിൽ ജീവാമൃതം തയ്യാറായിക്കഴിഞ്ഞു. അത് ഉപയോഗിച്ചു തുടങ്ങാം. 7 ദിവസം കഴിയുമ്പോൾ ദുർഗന്ധം ഇല്ലാതാകും. അപ്പോഴേക്കും ഇതു് ഉപയോഗിച്ചു തീരണം.

ഉപയോഗക്രമം.

ബാരലിൽ നിന്നും ആവശ്യമായ അളവിൽ ജീവാമൃതം പകർന്നെടുത്ത് ചെടികളുടെ കടയ്ക്കൽ മാസത്തിൽ ഒരിക്കൽ എന്ന ക്രമത്തിൽ ഒഴിച്ചു കൊടുക്കുക. ചെടികളുടെ വളർച്ച വേഗത്തിലാവുകയും വർദ്ധിച്ച വിളവ് ലഭിക്കുകയും ചെയ്യും. മാത്രമല്ല മണ്ണ് ഫലഭൂയിഷ്ഠമാവുകയും അതിൻ്റെ ജൈവ ശക്തി വർദ്ധിക്കുകയും ചെയ്യും.