WELCOME

ഏവർക്കും മംഗളാശംസകൾ! വായിച്ചു വളരുക! ചിന്തിച്ചു വിവേകം നേടുക! മംഗളാശംസകൾ!

WELCOME

WELCOME TO THE WEBSITE OF SIVADAS MASTER PAZHAMPILLY

Saturday, 13 May 2017

ANT IS THE STAR ഉറുമ്പാണ്‌ താരം (Article by Sivadas Master Pazhampilly)


ഉറുമ്പാണ്‌ താരം
 


          ഭൂമിയിൽ കൂട്ടംകൂട്ടമായി അരിച്ചു നടക്കുന്ന ഒരു വിഭാഗം പ്രാണികളാണ്‌ ഉറുമ്പുകൾ. ഇവയെ ഇറുമ്പ്, എറുമ്പ് എന്നെല്ലാം പ്രാദേശികമായി പറയാറുണ്ട്. ഇറുക്കുന്നതാണ്‌ ഇറുമ്പ്. ഇറുക്കുക എന്ന പദത്തിന്‌  ഞെക്കുക, കൊമ്പു കൊണ്ട് കുത്തുക, കടിക്കുക, ദശിക്കുക എന്നെല്ലാം അർത്ഥമുണ്ട്. ഉറുമ്പു കടി ഏല്ക്കാത്ത മാനവർ വിരളമാണല്ലോ. (തുടരും)

വിവിധയിനം ഉറുമ്പുകൾ

          കട്ടുറുമ്പ്, നീറ്റുറുമ്പ്, നെയ്യുറുമ്പ്, പാമ്പുറുമ്പ്, പുളിയുറുമ്പ്, ശവംതീനിയുറുമ്പ്, കുനിയൻ, അരിച്ചാൻ (അരിച്ചാണി), പ്രാന്തനുറുമ്പ്  എന്നിങ്ങനെ എത്രയൊ തരം എറുമ്പുകളാണെന്നോ ഉള്ളത്. (തുടരും)

നാട്ടുറുമ്പുകളും കാട്ടുറുമ്പുകളും

          മനുഷ്യരുടെ വാസ സ്ഥലങ്ങൾക്കു സമിപം വസിക്കുന്ന എറുമ്പുകളാണ്‌ നാട്ടുറുമ്പുകൾ എന്നറിയപ്പെടുന്നത്. ഇവയെയാണ്‌ നമ്മുടെ വീടുകളിലും മറ്റും സർവ്വ സാധാരണമായി കണ്ടു വരുന്നത്. വളരെ ചെറിയ സുഷിരത്തിൽ കൂടി കടന്നു  വീടിന്റെ ഉള്ളിലും വിള്ളലുകളിലും പുറമെ  മണ്ണിനടിയിൽ പൊത്തുകളിലും അനേകായിരം എണ്ണമുള്ള സമൂഹമായി ഇവ ജീവിക്കുന്നു. മനുഷ്യരുടെ ഭക്ഷണാവശിഷ്ടങ്ങൾ, ചെറു പ്രാണികളും ഇഴജന്തുക്കളും അവയുടെ മൃതശരീരങ്ങളും ഭക്ഷിച്ചാണ്‌ ഇവ ജീവൻ നിലനിറുത്തുന്നത്.

          കാട്ടുറുമ്പുകൾ കാണപ്പെടുന്നത് മനുഷ്യവാസം കുറഞ്ഞ കാനനപ്രദേശങ്ങളിലാണ്‌. ഇവ മാളങ്ങളിലും മരപ്പൊത്തുകളിലും മൺകൂ​‍ന(വാത്മീകം, ചിതൽപുറ്റ്)കളിലും കോടിക്കണക്കിനു അംഗ സംഖ്യയുള്ള കോളണികൾ സ്ഥാപിച്ച് അജയ്യരായി വസിക്കുന്നു. ഇവരുടെ സാമ്രാജ്യം കാട്ടിലെ അതി ഭീകരരായ ഹിംസ്രജന്തുക്കൾക്കു പോലും ഭയമാണ്‌. കാട്ടുറുമ്പുകൾ കൂടുതൽ ഉപദ്രവകാരികളും ആക്രമണകാരികളും ആണ്‌. ജീവനുള്ള മൃഗങ്ങളേയും മനുഷ്യരേയും വരെ കാട്ടുറുമ്പുകൾ ആയിരക്കണക്കിനു എണ്ണം ഒന്നിച്ച്  ആക്രമിക്കുകയും ഇരയെ പൊതിഞ്ഞ് തിന്നു തീർക്കുകയും ചെയ്യും. കാട്ടുറുമ്പുകൾ ഭൂരിഭാഗവും വിഷവീര്യം കൂടിയവയാണ്‌. (തുടരും)

സാമൂഹ്യ ജീവിയായ ഉറുമ്പുകൾ


          സംഘജീവിതം നയിക്കുന്നവരാണ്‌ ഉറുമ്പുകൾ. സംഘടനാ ശക്തിയിൽ വിശ്വസിക്കുന്ന സാമൂഹ്യ ജീവികളാണിവ. പ്രയത്നശാലികളാണ്‌ ഉറുമ്പുകൾ. തന്റെ ശരീരഭാരത്തേക്കാൾ അനേകം മടങ്ങ് ഭാരമുള്ള വസ്തുക്കൾ വലിച്ചുകൊണ്ട് പോകുന്നതു കണ്ടാൽ നാം അത്ഭുതപ്പെടും. ഇത്രയും ചെറിയ ജീവി വളരെ വലിയൊരു ഭാരം ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നത് കാണുമ്പോൾ, ‘എനിക്കൊന്നും ഇത്രയും ഭാരിച്ച പണി ചെയ്യാനാവില്ലഎന്നു പറയുന്ന നാം ലജ്ജിച്ചു തല താഴ്ത്തുക തന്നെ ചെയ്യണം. സഹകരണ ബോധത്തോടെ, കർമ്മകുശലതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മിടുക്കരാണിവർ ഉറുമ്പുകൾ. (തുടരും)

ഉറുമ്പും ഭാഷയും

          ഉറുമ്പുകളുമായി ബന്ധപ്പെട്ട് അനേകം ഭാഷാശൈലികളുണ്ട്.  ഏതാനും ഉദാഹരണങ്ങൾ ചുവടെ ചേർക്കുന്നു.

          (1) അരുമ്പന്റെ മുതൽ ഉറുപരിക്കും

          (2) സ്വർഗ്ഗത്തിലെ കട്ടുറുമ്പാകുക

          (3) കുനിയൻ മദിച്ചാലും മുട്ടോളം (തുടരും)

ഉപദ്രവകാരികളും നിരുപദ്രവകാരികളും

          ചോണൻ (ചോണൽ, ചോനൻ) എന്ന പേരിൽ അറിയപ്പെടുന്ന ചുവന്ന നിറമുള്ള ഒരു തരം ഉറുമ്പുകളുണ്ട്. അവ മനുഷ്യരെ ഉപദ്രവിക്കാറില്ല.

          മനുഷ്യ പ്രകൃതിക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന ഒരു വിഭാഗം ഉറുമ്പുകളാണ്‌ ചിതൽ (ചിതർ). ഇവ മരവും മറ്റും കാർന്നു തിന്നും.  ഒരു വർഷത്തിൽ അനേകം കോടി രൂപയുടെ തടി ഉല്പന്നങ്ങൾ ചിതലരിച്ചു പോകുന്നതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. വിലപ്പെട്ട താളിയോല ഗ്രന്ഥങ്ങളും മറ്റു പല രേഖകളും (കടലാസിൽ തയാറാക്കിയവ) ചിതൽ മൂലം നഷ്ടമാകുന്നത് നിത്യ സംഭവമാണ്‌.

          മറ്റൊരു തരത്തിൽ ചിന്തിച്ചാൽ, ദോഷകാരികളാണെങ്കിലും ചിതലുകൾ ചില ഉപകാരങ്ങളും ചെയ്യുന്നുണ്ട്. പ്രകൃതിയിൽ ഉപേക്ഷിക്കപ്പെട്ട തടികൾ, തടി ഉല്പന്നങ്ങൾ ജീവികൾക്ക് ശല്യമാകാതെ തിന്നുതീർക്കുകയും അവയെ മണ്ണാക്കി മാറ്റുകയും ചെയ്യുന്നതിവരാണ്‌. (തുടരും)

ഉറുമ്പു കടിച്ചാൽ

          പുളിയുറുമ്പ് കടിച്ചാൽ നീറ്റൽ അനുഭവപ്പെടുന്നത് അവ നമ്മുടെ ശരീരത്തിൽ ഫോമിക്ക് ആസിഡ് എന്ന അമ്ളം  പുരട്ടുന്നതിനാലാണ്‌. ഈ അമ്ളം തൊലിയിൽ പൊള്ളൽ ഉണ്ടാക്കുന്നതിനാൽ നമുക്ക് ശക്തിയായ നീറ്റൽ അനുഭവപ്പെടുന്നു. (തുടരും)

ഉറുമ്പു ലോകത്തെ തൊഴിൽ വിഭാഗങ്ങൾ

          വൈവിദ്ധ്യമായ തൊഴിലുകളിൽ ഏർപ്പെടുന്നവരാണ്‌ ഉറുമ്പുകൾ. കർഷകർ, പാചകക്കാർ, അദ്ധ്യാപകർ, വാസ്തുശില്പികൾ, രാജ്ഞികൾ, കാര്യസ്ഥർ, ആസൂത്രണ വിദഗ്ദ്ധർ, ഭടന്മാർ, ശിശുപരിപാലകർ, തൊഴിലാളികൾ, ചികിത്സകർ എന്നു തുടങ്ങി ഉറുമ്പു ലോകത്ത് ഇല്ലാത്ത തൊഴിൽ വിഭാഗങ്ങൾ ഇല്ലെന്നു വേണം പറയാൻ.

ഉറുമ്പുകൾ മനുഷ്യനു മാതൃക

          തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള ഒരു വർഗ്ഗീകരണം എല്ലായിനം ഉറുമ്പു വിഭാഗങ്ങളിലും ദൃശ്യമാണ്‌. ്‌. ഓരോയിനം ഉറുമ്പു  സമൂഹത്തിലേയും ഓരോ അംഗത്തിനും ഒരു നിശ്ചിത സ്ഥാനവും അതിനു അനുസൃതമായ തൊഴിലും ഉണ്ടായിരിക്കും. ആ അംഗത്തിൽ നിക്ഷിപ്തമായ കർത്തവ്യം പൂർത്തിയാക്കേണ്ടത് ആ അംഗത്തിന്റെ മൗലിക കടമയാണ് തങ്ങളുടെ ലക്ഷ്യം വിജയകരമായി നേടാനാവശ്യമായ ആസൂത്രണം നടത്തി, കാര്യക്ഷമമായ  ഏകോപനത്തിലൂടെ സഹകരണ മനോഭാവത്തൊടെ കർമ്മ മണ്ഡലത്തിൽ ആത്മാർത്ഥമായ സേവനം കാഴ്ച വെക്കുന്ന ഉറുമ്പുകൾ അഭിന്ദനം അർഹിക്കുന്നു. അവർ മനുഷ്യ രാശിക്കു അനുകരണീയരാണ്‌ എന്നും. (തുടരും)

ഉറുമ്പുകളും ഔഷധങ്ങളും

          എല്ലാ തരം ചികിത്സാരീതികളിലും പ്രാണികളേയും അവയിൽ നിന്നും ലഭിക്കുന്ന സ്രവങ്ങളേയും രോഗചികിത്സക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്.

          ചിതൽ പുറ്റിലെ മണ്ണും (ചിലർ ചിതലിനെയും) കടുകെണ്ണയും ചേർന്ന ഔഷധം ഊരു സ്തംഭം എന്ന അസുഖത്തിന്റെ ചികിത്സയിൽ ഉപയോഗിക്കുന്നു. കട്ടുറുമ്പിൽ നിന്നും ലഭിക്കുന്ന സ്രവങ്ങൾ വിയാഗ്രയിൽ (Viagra) ഫലപ്രദമായി ഉപയോഗിക്കുന്നു. (തുടരും)

ആന്റി ബയോടിക്കുകൾ നിർമ്മിക്കുന്ന ഉറുമ്പുകൾ

          ഫോമിക്ക പരലുഗുബ്രിസ് (Formica Paralugubris) എന്ന ശാസ്ത്ര നാമത്താൽ അറിയപ്പെടുന്ന തടിയുറുമ്പുകളിൽ രസതന്ത്രജ്ഞരും ഗവേഷകരും ഉണ്ടത്രെ. ഈ ഉറുമ്പുകൾ അവയുടെ ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്ന രാസവസ്തുക്കളും മരത്തടിയിലെ പശയും ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതങ്ങൾ വളരെ അധികം ഗുണകാരിയായ ആന്റിബയോട്ടിക്കുകളാണ്‌. ഉറുമ്പു സമൂഹത്തിൽ മാരകമായ മാറാവ്യാധികൾ പടർന്നു പിടിക്കാതെ ഉറുമ്പുകളെ സംരക്ഷിക്കുന്നത് അവയുണ്ടാക്കുന്ന ഇത്തരം ആന്റി ബയോട്ടിക്കുകളാണ്‌.

          ഉറുമ്പു ലോകത്തെ ആരോഗ്യം സംരക്ഷിക്കുന്ന ഇത്തരം ആന്റി ബയോടിക്കുകൾ ശേഖരിച്ച് മനുഷ്യർ പഠന-പരീക്ഷണങ്ങൾ നടത്തി തുടങ്ങി.  ആ ആന്റിബയോടിക്കുകളുടെ പ്രവർത്തനമെന്താണ്‌?, അവയുടെ ഘടന എന്ത്?, അവ മനുഷ്യരിൽ എങ്ങനെ പ്രതിപ്രവർത്തിക്കും?, അവ എങ്ങനെ നിർമ്മിക്കാം? എന്നിങ്ങനെ പല കാര്യങ്ങളും നാം ഗവേഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഗവേഷണങ്ങൾ വഴി നാം കണ്ടെത്തുന്ന കാര്യങ്ങൾ മനുഷ്യ വംശത്തിന്റെ ആരോഗ്യ സംരക്ഷണത്തിന്റെ അടിസ്ഥാന ശിലകളായി മാറും. അതിനാൽ തീർച്ചയായും പറയാം - ഉറുമ്പുകളാണ്‌ താരം. (തുടരും)

(തുടരും)