നമുക്കും
തയ്യാറാക്കാം ജീവാമൃതം
മണ്ണിനെ
ഫലഭൂയിഷ്ഠമാക്കുന്നത് അതിലുള്ള സൂക്ഷ്മാണുക്കളാണ്. അവയാണ് ജൈവവസ്തുക്കൾ
വിഘടിപ്പിച്ച് ചെടികളുടെ വളർച്ചയ്ക്ക് ലഭ്യമാക്കുന്നതു്. ആധുനിക കാലഘട്ടത്തിൽ
നടത്തിയ കൃത്രിമ രാസവളങ്ങൾ ഉപയോഗിച്ചുള്ള കൃഷി മണ്ണിലുണ്ടായിരുന്ന ഈ
സൂക്ഷ്മാണുക്കളെ കൊന്നൊടുക്കി. മണ്ണു മരിച്ചു. മരിച്ച മണ്ണിലെങ്ങനെ ജീവൻ്റെ
തുടിപ്പുകളുണ്ടാകും?
മണ്ണിൻ്റെ ഫലഭൂയിഷ്ഠത നഷ്ടമായി. അത്തരം മണ്ണിൽ വിതക്കുന്ന വിത്തുകൾ
മുളക്കില്ല. മുളച്ചാൽ തന്നെ വളർന്ന് മികച്ച വിളവുകൾ തരില്ല. കാഴ്ചയും ചിന്താ ശക്തി
യും നഷ്ടപ്പെട്ട, അത്യാഗ്രഹിയായ മനുഷ്യൻ്റെ പ്രവൃത്തികൾ വരുത്തിവെച്ച
വിന. മനുഷ്യാ നീ മണ്ണാകുന്നു എന്ന വചനം കേട്ടിട്ടില്ലേ. മണ്ണില്ലെങ്കിൽ
മനുഷ്യനില്ല എന്ന കാര്യം മറക്കരുത്. മണ്ണ് മനുഷ്യൻ്റേതല്ല, മറിച്ച്
മനുഷ്യൻ മണ്ണിൻ്റെതാണ്. മണ്ണിനെ സംരക്ഷിച്ചാൽ മാത്രമേ മനുഷ്യരാശിക്കു
നിലനില്പുള്ളു. അതിനാൽ മണ്ണിൻ്റെ നഷ്ടപ്പെട്ട ജൈവ ശക്തി വീണ്ടെടുക്കണം. അതിനായി
നമുക്കു നിർമ്മിക്കാം ജൈവാമൃതം അഥവാ ജീവാമൃതം.
ജീവാമൃതം
നിർമ്മിക്കാനുള്ള ചേരുവകൾ
1. നാടൻ പശുവിൻ്റെ ചാണകം
10കിലോ
2. നാടൻ പശുവിൻ്റെ മൂത്രം
10
ലിറ്റർ
3. വെള്ളപ്പയറ് (അരച്ചത് )
2
കിലോ
4. ശർക്കരപ്പൊടിച്ചത് (കറുത്തത് )
2 കിലോ
5. കൃഷിയിടത്തിലെ മണ്ണ്
200 ഗ്രാം
6. വെള്ളം
200 ലിറ്റർ
നിർമ്മാണ രീതി
ഒരു പ്ലാസ്റ്റിക്
ബാരലിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള ചേരുവകൾ എടുത്ത് കൈകൾ കൊണ്ട് നല്ലപോലെ
കലർത്തുക. അതിലേക്ക് ആറാം ചേരുവായ 200 ലിറ്റർ വെള്ളം
അല്പാല്പമായി ചേർത്ത് ഒരു തടിക്കഷ്ണം കൊണ്ട് ഇളക്കിക്കുക.
മുഴുവൻ ജലവും ചേർത്ത് കഴിഞ്ഞാൽ മിശ്രിതം കുറച്ചു നേരം കൂടി ഇളക്കണം. അതിനു ശേഷം
ബാരലിൻ്റെ വായ്ഭാഗം ചണ ചാക്കു കൊണ്ട് മൂടണം. ബാരൽ വെയിൽ കൊള്ളാതെ തണലിൽ സൂക്ഷിക്കണം.
ദിവസം 3 പ്രാവശ്യം 3 മിനിറ്റ് വീതം
ഇളക്കണം.
3 ദിവസം
കഴിയുമ്പോൾ ലായനി പുളിക്കുന്നതിനാൽ ദുർഗന്ധം ഉണ്ടാകും. ഈ ഘട്ടത്തിൽ ജീവാമൃതം
തയ്യാറായിക്കഴിഞ്ഞു. അത് ഉപയോഗിച്ചു തുടങ്ങാം. 7 ദിവസം
കഴിയുമ്പോൾ ദുർഗന്ധം ഇല്ലാതാകും. അപ്പോഴേക്കും ഇതു് ഉപയോഗിച്ചു തീരണം.
ഉപയോഗക്രമം.
ബാരലിൽ നിന്നും
ആവശ്യമായ അളവിൽ ജീവാമൃതം പകർന്നെടുത്ത് ചെടികളുടെ കടയ്ക്കൽ മാസത്തിൽ ഒരിക്കൽ എന്ന
ക്രമത്തിൽ ഒഴിച്ചു കൊടുക്കുക. ചെടികളുടെ വളർച്ച വേഗത്തിലാവുകയും വർദ്ധിച്ച വിളവ്
ലഭിക്കുകയും ചെയ്യും. മാത്രമല്ല മണ്ണ് ഫലഭൂയിഷ്ഠമാവുകയും അതിൻ്റെ ജൈവ ശക്തി
വർദ്ധിക്കുകയും ചെയ്യും.
No comments:
Post a Comment