WELCOME

ഏവർക്കും മംഗളാശംസകൾ! വായിച്ചു വളരുക! ചിന്തിച്ചു വിവേകം നേടുക! മംഗളാശംസകൾ!

WELCOME

WELCOME TO THE WEBSITE OF SIVADAS MASTER PAZHAMPILLY

Thursday, 2 February 2017

FIRST ATM ? ആദ്യത്തെ എ.ടി. എം. ആര്‌ എന്ന് എവിടെ സ്ഥാപിച്ചു?(ലേഖനം - രചന - ശിവദാസ് മാസ്റ്റർ പഴമ്പിള്ളി 17022010)


ആദ്യത്തെ എ.ടി. എം.

ആര്‌ എന്ന് എവിടെ സ്ഥാപിച്ചു?

(ലേഖനം - രചന -  ശിവദാസ് മാസ്റ്റർ പഴമ്പിള്ളി 17022010)

       ATM എന്നു താങ്കൾ കേട്ടിരിക്കുമല്ലൊ. ചിലപ്പോൾ അതിൽ നിന്നും പണിയും കിട്ടിയിരിക്കും താങ്കൾക്ക്. എന്താണ്‌ എ.ടി.എം? സ്വയം പ്രവർത്തിക്കുന്ന ധന കൈമാറ്റ യന്ത്രം (Automatic Tendering Machine - ATM) ആണത്. എന്നാൽ ഈയിടെയായി അത് ആളെ തെണ്ടിക്കും മാരണം (Aale Thendikkum Maaranam) ആയി രൂപം പ്രാപിച്ചു എന്നാണ്‌ പൊതുജന മതം.

       എ.ടി. എം. ആദ്യമായി ആവിഷ്കരിച്ചതും ഉപയോഗിച്ചതും ഭാരതത്തിലാണത്രെ. അതിനുള്ള തെളിവുകൾ പുരാണങ്ങളിലും കഥാസരിത്സാഗരം എന്ന ഗ്രന്ഥത്തിലും ഉണ്ട്. അത്യാവശ്യ കാര്യങ്ങൾ ഇങ്ങനെ പുനഃരാലേഖനം ചെയ്യാം:

        പുരാണ പ്രസിദ്ധമായ നഗരമാണല്ലോ ചിത്രകൂടം. സമ്പന്നരായ വ്യവസായികളും കച്ചവടക്കാരും തിങ്ങിപ്പാർക്കുന്നു അവിടെ. അവരിൽ ഒരാൾ ധനികനും രത്നവ്യാപാരിയും ആയ രത്നവർമ്മാവ് ആണ്‌. അദ്ദേഹത്തിനൊരു പുത്രൻ പിറന്നു. സുഖ സമ്പത്തിൽ വായിൽ വെള്ളിക്കരണ്ടിയുമായി അവൻ വളർന്നു. അക്കാലത്തെ സാമൂഹ്യ സ്ഥിതി (കുടുംബ പാരമ്പര്യവും കണക്കിലെടുത്തോ എന്തോ?) പരിഗണിച്ചാവണം പിതാവ് പുത്രന്റെ ഭാവിയെ പറ്റി ചില മുൻകരുതലുകൾ കൈക്കൊണ്ടത്.

        തന്റെ പുത്രൻ ഈശ്വര ശർമ്മാവ് വേശ്യകളുടെ പിടിയിൽ അകപ്പെടരുത് എന്ന ചിന്തയാൽ ആ പിതാവിന്റെ ഉറക്കം ഏറെ കാലമായി നഷ്ടപ്പെട്ടിരിക്കയാണ്‌. പിതാവ് രഹസ്യമായി പലരോടും തന്നെ അലട്ടുന്ന പ്രശ്നത്തിന്റെ പരിഹാരം തേടി. പരസ്യമായി പറയാൻ പറ്റിയ കാര്യമല്ലല്ലൊ ഇത്. അവസാനം രത്നവർമ്മാവ് ഒരിടം കണ്ടെത്തി - വേശ്യാതന്ത്ര പഠനാലയം

        ചോരന്മാർ ചോർത്തിയെടുക്കാതെ പണം സൂക്ഷിക്കാൻ കഴിവേറിയർ കള്ളന്മാർ തന്നെ. അതിനാലല്ലെ പണപ്പെട്ടിയുടെ തക്കോൽ കള്ളന്റെ കയ്യിൽ ഏല്പ്പിക്കണം എന്നു പറയുന്നത്. കള്ളനല്ലെ കള്ളന്മാർ പണം മോഷ്ടിക്കുന്ന തന്ത്രങ്ങൾ അറിയുക, ആ തന്ത്രങ്ങളെ അതിജീവിക്കാൻ അറിയുന്നവനും അവനായിരിക്കുമല്ലൊ. ഈ ന്യായം അനുസരിച്ച് രത്നവർമ്മാവ് തന്റെ മകനെ വേശ്യകളുടെ പിടിയിൽ പെട്ട് വഞ്ചിതനാതിരിക്കാൻ വേണ്ട കാര്യങ്ങൾ പഠിപ്പിക്കാൻ അന്നാട്ടിലെ (കു?)പ്രസിദ്ധ വേശ്യയായ യമജിഹ്വയെ ഏല്പിച്ചു. യമജിഹ്വ വേശ്യാതന്ത്ര പഠനാലയം പ്രിൻസിപ്പാളും ഉടമയുമാണ്‌. അവർ മണിബാക് ഗ്യാരണ്ടിയോടെ കാര്യം ഏറ്റെടുത്തു. അവിടത്തെ പഠനശേഷം വ്യാപാരിയുടെ മകൻ വേശ്യകളുടെ പിടിയിൽ അകപ്പെടാനിടയായാൽ ഫീസും നഷ്ടപരിഹാരത്തുകയും ചേർത്ത് തിരിച്ച് നല്കും. വ്യവസ്ഥ കൾ സമ്മതിച്ച് വൻതുക ഫീസായി അടച്ച് മകനെ ആ സ്വാശ്രയ (പരാശ്രയ?) സ്ഥാപനത്തിൽ ചേർത്തു.

       യമജിഹ്വയുടെ അതിനിപുണ ശിക്ഷണത്തിൽ വേശ്യാതന്ത്രങ്ങളെല്ലാം പഠിച്ച ഈശ്വരശർമ്മാവ് ഗുരു ദക്ഷിണയും നല്കി സ്വഗൃഹത്തിൽ തിരിച്ചെത്തി.  

                പിതാവ് മകന്‌ 5 കോടി സ്വർണ നാണയങ്ങൾ നല്കി. അതുമായി ആ വൈശ്യ കുമാരൻ കാഞ്ചനപുരം നഗരത്തിലെത്തി, വ്യാപാരം നടത്തുവാൻ ആരംഭിച്ചു. അധികം താമസിയാതെ ആ മകൻ സുന്ദരി എന്ന വേശ്യയുടെ കുടുക്കിൽ അകപ്പെട്ട് പണമെല്ലാം പാഴാക്കി. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഈശ്വരശർമ്മാവിനെ പിടിച്ചു വലിച്ച് പിതാവിനരികിൽ എത്തിച്ചു.

        പിതാവും പുത്രനും വേശ്യാതന്ത്ര പഠനാലയത്തിലെത്തി, അവിടത്തെ പഠനം നിഷ് പ്രയോജനമായെന്നും അതിനാൽ നഷ്ടപരിഹാരം കൊടുക്കണം എന്ന് ആവശ്യപ്പെട്ടു. യമജിഹ്വ നഷ്ടപ്പെട്ട പണം തിരിച്ചെടുക്കാൻ പുതിയ തന്ത്രം പഠിപ്പിക്കാമെന്നും അതും ഫലിച്ചില്ല എങ്കിൽ പണം തിരികെ നല്കാം എന്നും പറഞ്ഞു. യമജിഹ്വ ഈശ്വരശർമ്മവിനെ ആലജാലംഎന്നൊരു തന്ത്രമാണ്‌ പഠിപ്പിച്ചത്.  

ആലജാലം

       യമജിഹ്വയുടെ വീട്ടിൽ ആലൻ എന്നൊരു കുട്ടിക്കുരങ്ങനുണ്ടായിരുന്നു. യമജിഹ്വ അതിനെ ഈശ്വരശർമ്മാവിനു നല്കി. ആ കുരങ്ങിനെ ഒരു പ്രത്യേക വിദ്യ പഠിപ്പിച്ചതാണ്‌. അതിനു മുമ്പിൽ 5000 സ്വർണ്ണനാണയങ്ങൾ കൊണ്ടു വച്ചാൽ, ആ കുരങ്ങൻ അതു വിഴുങ്ങും. മാത്രമല്ല നാം ആവശ്യപ്പെട്ടാൽ 10, 20, 30, 40, 50, 100, 500,1000, 2000 എന്നിങ്ങനെ ആവശ്യാനുസരണം ഏതു തുകയും നമുക്ക്‌ ചർദ്ദിച്ചു തരും. ഇതാണ്‌ ആ കുരങ്ങനെ പഠിപ്പിച്ചിട്ടുള്ള വിദ്യ. ഇവനെ ഉപയോഗിച്ച്‌ സുന്ദരിയുടെ പക്കൽ നിന്നും സമ്പത്തെല്ലാം തിരിച്ചു പിടിക്കാനുള്ള സൂത്രവും യമജിഹ്വ ഈശ്വരശർമ്മന്‌ ഉപദേശിച്ചു.

       ഈശ്വരശർമ്മാവ്‌ വ്യാപാരചരക്കുകളും മറ്റുമായി വീണ്ടും കാഞ്ചനപുരത്തെത്തി. അദ്ദേഹത്തിന്റെ മോടിയും ധാടിയും പ്രശസ്തിയും നാട്ടിലെല്ലാം പരന്നു, സുന്ദരിയുടെ ചെവിയിലും എത്തി. സുന്ദരി വന്ന്‌ അയാളെ വീട്ടിലേക്ക്‌ ആനയിച്ചു.

        സുന്ദരിയുടെ വീട്ടിലേക്ക്‌ പുറപ്പെടുന്നതിനു മുമ്പ്‌ ആലൻ കുരങ്ങിന്‌ ആരും കാണാതെ അയ്യായിരം സ്വർണ്ണ നാണയങ്ങൾ വിഴുങ്ങാൻ നല്കിയിരുന്നു. സുന്ദരിയുടെ വീട്ടിലെത്തി പാനോചാരങ്ങൾ സ്വീകരിച്ച്‌ സന്തോഷവാനായ ഈശ്വരശർമ്മാവ്‌ കുരങ്ങിനെ വരുത്തി അതിനോടിങ്ങനെ നിർദ്ദേശിച്ചു:

        പാനോപചാരങ്ങൾക്ക്‌ 200ഉം വസ്ത്ര താംബൂലാദികൾക്ക്‌ 100ഉം സുന്ദരിയുടെ അമ്മക്ക്‌     100ഉം ബ്രാഹ്മണദാനത്തിന്‌ 150ഉം തോഴിമാർക്കായി 50ഉം സുന്ദരിക്ക് 400ഉം സ്വർണ്ണ     നാണയങ്ങൾ കൊടുക്കൂ.

        യജമാനന്റെ നിർദ്ദേശ പ്രകാരം ആലൻ ഓരോ തുകയും പ്രത്യേകം പ്രത്യേകം ചർദ്ദിച്ചു കൊടുത്തു. ഇതു കണ്ട് സുന്ദരി അത്ഭുതപരതന്ത്രയായി. അടുത്ത ദിവസവും പണവിതരണം ആലൻ വഴി നടന്നു.

       അന്ന് സുന്ദരി തന്റെ ഒരു ആശ ഈശ്വരശർമ്മാവിനെ അറിയിച്ചു:  

        ആ കുരങ്ങിനെ എനിക്കു വേണം.

        അതു പറ്റില്ല. അവനെ തരില്ല പണമെത്ര വേണമെങ്കിലും തരാം.

 ഇതു പറഞ്ഞ് അദ്ദേഹം ആലനോട് സുന്ദരിക്ക് 1000 സ്വർണ്ണ നാണയങ്ങൾ നല്കാൻ ആജ്ഞാപിച്ചു. ഉടനടി കുരങ്ങൻ 1000 സ്വർണ്ണം ചർദ്ദിച്ചു നല്കി.

       ഇതു കൂടി കണ്ടപ്പോൾ സുന്ദരിക്ക് ക്ഷമകെട്ടു. തന്റെ മുഴുവൻ സ്വത്തും ആഭരണങ്ങളും അമൂല്യ രത്നങ്ങളും  ഭവനവും കുരങ്ങനായി നല്കാൻ തസുന്ദരി യ്യാറായി. സുന്ദരിയുടെ എല്ലാ അപേക്ഷകളും ആദ്യമെ തള്ളിയെങ്കിലും, അവസാനം മസ്സില്ലാ മനസ്സോടെ എന്ന പോലെ ഈരശർമ്മാവ് സുന്ദരിയുടെ സർവ സ്വത്തുക്കളും സമ്പാദ്യവും വാങ്ങി കുരങ്ങനെ വിട്ടു കൊടുത്തു; അന്നു തന്നെ സ്വദേശത്തേക്ക് മടങ്ങി.

       യമജിഹ്വയുടെ നിർദ്ദേശങ്ങൾ ഫലവത്തായി, സ്വത്തുക്കളും കിട്ടി. ഈശ്വരശർമ്മാവും പിതാവും സന്തോഷത്തിലാറാടി.

ചങ്ങാതി മാരേ, ആലൻ ആണ്‌ ആദ്യത്തെ എ.ടി.എം.(Aalan Telling Machine)

(തുടരും)

No comments:

Post a Comment