WELCOME

ഏവർക്കും മംഗളാശംസകൾ! വായിച്ചു വളരുക! ചിന്തിച്ചു വിവേകം നേടുക! മംഗളാശംസകൾ!

WELCOME

WELCOME TO THE WEBSITE OF SIVADAS MASTER PAZHAMPILLY

Thursday, 22 July 2021

മുക്കുറ്റി

മുക്കുറ്റി

മുക്കുറ്റി മന്ദാരം ചെങ്കുറിഞ്ഞി

മറ്റു പലതരം പുഷ്പജാലം

പച്ചിലക്കുമ്പിളിലാക്കി പിന്നെ

കൊച്ചുവിളക്കു കൊളുത്തി മുന്നിൽ

മുറ്റത്തു നിർമ്മിച്ച പൂക്കളത്തിൽ

കറ്റക്കിടാവിട്ടു കൈകൾ കൂപ്പി

     (അഞ്ചാം ക്ലാസ്സിലോ മറ്റോ പഠിച്ച പദ്യം ഓർമ്മയിൽ നിന്നും ഉദ്ധരിച്ചതാണ്‌, അതിൽ തെറ്റുണ്ടൊ ആവോ? ഉണ്ടെങ്കിൽ ക്ഷമിക്കണേ, തിരുത്തണേ.)  


     ഓണക്കാലത്തു കൊച്ചു പൂക്കൂടകളുമായി (പൂക്കൂടയില്ലാത്തവർ ചേമ്പിലയുടെ കുമ്പിളുമായി) പൂക്കളിറുക്കുവാൻ പോകുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് കുട്ടികൾ പൂക്കളിറുക്കുന്ന ശ്രമത്തിൽ ഏർപ്പെടുമ്പോൾ അവരറിയാതെ തന്നെ പ്രകൃതിയുമായി സംവദിക്കുകയായിരുന്നു; സസ്യജാലങ്ങളുമായി ചങ്ങാത്തത്തിൽ ഏർപ്പെടുകയായിരുന്നു. ഇന്നോ?

     മുറ്റം മുഴുവൻ റ്റൈൽസ് വിരിച്ച് ഒരു തുള്ളി മഴവെള്ളം പോലും ഭൂമിയിലേക്കിറങ്ങാൻ സമ്മതിക്കാതെ, മണ്ണിലെ സസ്യങ്ങൾക്ക് അവസാന നിമിഷത്തിൽ പോലും ഒരു തുള്ളി ദാഹജലം നല്കാതെ അവയെ വംശനാശത്തിലേക്ക് തള്ളി വിടുന്ന പ്രവണത ഏറിവരുന്നു. പ്ലാസ്റ്റിക്ക് കിറ്റുകളിൽ കിലോ കണക്കിന്‌ കിട്ടുന്ന  അന്യ സംസ്ഥാന പൂക്കളാൽ ഓണപ്പൂക്കളം തീർത്ത് മനസ്സാൽ തൃപ്തിയടയുന്ന മലയാളികളും മക്കളും മുക്കുറ്റിയെ കണ്ടിരിക്കാനിടയില്ല; കണ്ടാൽ തന്നെ തിരിച്ചറിയാനുമിടയില്ല.

മനസ്സിൽ സന്തോഷത്തെ നിറക്കുന്ന കൊച്ചു മഞ്ഞ പൂക്കളുമായി മുറ്റങ്ങളിലും തൊടികളിലും ധാരാളമായി കണ്ടിരുന്ന ഒരു ചെടിയാണ്‌ മുക്കുറ്റി. പത്തോ പന്ത്രണ്ടോ സെന്റീമീറ്റർ ഉയരം മാത്രമെ ഇതിനു ഉണ്ടാവുകയുള്ളു. എന്നാൽ ഒറ്റത്തടി വൃക്ഷമായ തെങ്ങിനോട് ഇതിനു സാദൃശ്യമുണ്ട്. മണ്ണിൽ നിന്നും ഒറ്റത്തടിയായി വളർന്ന്, ഏറ്റവും മുകളിൽ ഇലയും പൂക്കളും. ഇക്കാരണത്താൽ മുക്കുറ്റിയെ  നിലം തെങ്ങ്എന്നു വിളിക്കുന്നവരെ കുറ്റപ്പെടുത്തുവാൻ നമുക്കു സാധിക്കില്ല.

          ഭാരത സംസ്കാരവുമായി ബന്ധപ്പെട്ട ദശപുഷ്പങ്ങളിൽ ഒന്നാണ്‌ മുക്കുറ്റി.

(ദശപുഷ്പങ്ങൾ എന്ന ലേഖനം കാണുക).  ആയുർവ്വേദ ഔഷധനിർമ്മാണത്തിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഔഷധസസ്യം കൂടിയാണിത്. ഭാരത സ്ത്രീകൾ തലമുടിയിൽ ചൂടാൻ മുക്കുറ്റിപ്പൂ തണ്ടടക്കം ഉപയോഗിക്കാറുണ്ട്. മുക്കുറ്റിച്ചാന്ത് പൊട്ടു തൊടാനായും ഉപയോഗിച്ചു വരുന്നു.

          ബയൊഫിറ്റം സെൻസിറ്റൈവം എന്ന ശാസ്ത്രീയ നാമത്താൽ അറിയപ്പെടുന്ന മുക്കുറ്റി കേരളത്തിൽ സർവ്വ സാധാരണമായി കണ്ടുവരുന്നു. ഈ ഔഷധ സസ്യത്തെ നട്ടുവളർത്തേണ്ടതില്ല എന്നാണ്‌ പഴമക്കാർ പറയാറുള്ളത്. അവയെ നശിപ്പിക്കാതിരുന്നാൽ മതിയത്രേ.  

 

 


No comments:

Post a Comment