ചേമ്പ് നടാം
നമ്മുടെ വീട്ടുവളപ്പില്‍ പ്രചുരപ്രചാരം നേടിയ ഒരു പച്ചക്കറിവിളയാണു ചേമ്പ്. ഇളംപ്രായത്തിലുള്ള ചേമ്പിന്‍റെ ഇലയും തണ്ടും നല്ലൊരു ഇലക്കറിയായും ഉപയോഗിച്ചുവരുന്നു. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ ചേമ്പുകൃഷിക്ക് ഉചിതമാണ്. നല്ല ഫലപുഷ്ടിയും നീര്‍വാര്‍ച്ചയും ഇളക്കമുള്ള മണ്ണും ചേമ്പുകൃഷിക്കു പറ്റിയതാണ്.
കേരളത്തില്‍ മേയ്, ജൂണ്‍ – ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണു മഴയെ ആശ്രയിച്ചുള്ള ചേമ്പുകൃഷി ചെയ്യുന്നത്. എന്നാല്‍ നനച്ച് കൃഷി ചെയ്യാനാണെങ്കില്‍ ഏതു സമയത്തും ചേമ്പു നടാവുന്നതാണ്.
കിളച്ചിളക്കി കട്ടകളുടച്ചു കളകള്‍ മാറ്റിയ കൃഷിസ്ഥലത്തു 45 സെന്‍റിമീറ്റര്‍ അകലത്തില്‍ 25-35 ഗ്രാം തൂക്കം വരുന്ന ചേമ്പുവിത്ത് നടാവുന്നതാണ്. അടിവളമായി, നടുമ്പോള്‍ ചാണകപ്പൊടികൂടി ചേര്‍ക്കുന്നതു കൂടുതല്‍ നന്ന്. വിത്ത് നട്ട് മണ്ണുകൊണ്ടു മൂടിയശേഷം പച്ചിലയോ കരിയിലയോകൊണ്ടു പുതയിടുകയും വേണം. വിത്തുമുളച്ച ശേഷം ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ വളമായി നല്കാം. മുളച്ച് ഒരു മാസത്തിനുശേഷം കളയെടുത്തു മണ്ണുകൂട്ടികൊടുക്കണം. വിത്തു നട്ടശേഷം ഏതാണ്ട് ഒന്ന് – ഒന്നര മാസവും രണ്ട് – രണ്ടര മാസവും എത്തുമ്പോള്‍ രണ്ടുപ്രാവശ്യത്തെ കളയെടുക്കലും മണ്ണു കൂട്ടികൊടുക്കലും ചേമ്പുകൃഷിയില്‍ ആവശ്യമായി വരും.
നല്ല നാടന്‍ ഇനങ്ങള്‍ നടുവാന്‍ ഉപയോഗിക്കാം. ശ്രീരശ്മി, ശ്രീപല്ലവി, കോ-1 തുടങ്ങിയവ ചേമ്പിന്‍റെ അത്യുത്പാദനശേഷിയുള്ള ഇനങ്ങളാണ്. കേടുവന്ന വിത്തുകള്‍ നടുവാന്‍ ഉപയോഗിക്കരുത്. നല്ല വിത്തുകള്‍ മാത്രം നടുവുവാന്‍ ഉപയോഗിക്കണം. കര്‍ഷകരില്‍നിന്നോ കാര്‍ഷികനേഴ്സറികളില്‍ നിന്നോ വിത്തുകള്‍ വാങ്ങി കൃഷി നടത്താം.
ചേമ്പ് നട്ട് 5 – 6 മാസമാകുമ്പോള്‍ വിളവെടുക്കാനാകും. കിഴങ്ങിനു കേടുപറ്റാതെ കിളച്ചിളക്കി തള്ളക്കിഴങ്ങും പിള്ളക്കിഴങ്ങുകളം വെവ്വേറെ മാറ്റിയെടുക്കണം.
കീടശല്യം കാര്യമായി ചേമ്പുകൃഷിയില്‍ ഉണ്ടാകാറില്ല. ചുവട്ടില്‍ ചാരം വിതറുന്നതു വളരെ നല്ലതാണ്. വേനല്‍ക്കാലങ്ങളില്‍ പുതയിടുന്നതും ആഴ്ചയില്‍ രണ്ടു പ്രാവശ്യം നനയ്ക്കുന്നതും കൂടുതല്‍ വിളവിന് ഉപകരിക്കും.
ചേമ്പുകൃഷിക്കാലം
ചേമ്പ് പുഴുങ്ങുവാനും ചേമ്പ് കറിച്ചാറു വയ്ക്കുവാനും ഉത്തമമാണ്. മലയാളിക്കു മറക്കാന്‍ പറ്റാത്ത ഒരു വിളകൂടിയാണു ചേമ്പ്.
ടെറസ്സിനു മുകളില്‍ കൃഷി നടത്തുന്നവര്‍ക്കു പ്ലാസ്റ്റിക്ക് ചാക്കില്‍ മണ്ണ്, ചാണകപ്പൊടി എന്നിവ നന്നായി യോജിപ്പിച്ചു നിറച്ചശേഷം വിത്തു നടാം. ചേമ്പുകൃഷി നടത്തുവാനും നമ്മുടെ വീട്ടുവളപ്പില്‍ കുറച്ച് ഇടം നല്കുവാന്‍ ഓരോ കര്‍ഷകമിത്രവും ശ്രമിക്കേണ്ടതുണ്ട്.
- K-*-
ചേമ്പുകൃഷി ക്കാലം (മാതൃഭൂമി)
സാധാരണയായി എല്ലായിടത്തും കൃഷിചെയ്യാറുള്ള പരമ്പരാഗത കിഴങ്ങുവിളയാണ് ചേമ്പ്. വലിയ ചേമ്പ് അഥവാ പാൽച്ചേമ്പ്, ചെറിയചേമ്പ്, കറുത്തചേമ്പ് , വെട്ടത്തുനാടൻ, മലയാര്യൻ തുടങ്ങി വിവിധയിനങ്ങളുണ്ട്. നമ്മുടെ നാട്ടിൽ പ്രധാനമായും വലിയചേമ്പും ചെറിയ ചേമ്പുമാണ് കൃഷിചെയ്തുവരുന്നത്. ചേമ്പുകൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല . കാരണം, അത്രമേൽ സ്വാദിഷ്ഠമാണിത്. ചേമ്പുകറി, ചേമ്പ് മോരുകറി, ചേമ്പുപുഴുക്ക്, ചേമ്പുകൊണ്ടാട്ടം തുടങ്ങി ഏറെ വിഭവങ്ങൾ ഇതുകൊണ്ട് തയ്യാറാക്കാം. ചേമ്പിലയും തണ്ടും ഭക്ഷ്യയോഗ്യമാണ്.
ഏറ്റവും കൂടുതൽ ജലാംശമടങ്ങിയ കിഴങ്ങുവർഗമാണ് ചേമ്പ്. മാംസ്യം, അന്നജം, ലവണങ്ങൾ, നാരുകൾ തുടങ്ങിയവയും ചേമ്പിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഇതിന് രക്തത്തിലെ കൊഴുപ്പിന്റെ അംശം കുറയ്ക്കാനുള്ള കഴിവുണ്ട്. ദഹനത്തെ സുഗമമാക്കാൻ സഹായിക്കുന്ന അന്നജം ധാരാളമുള്ളതിനാൽ ചേമ്പ് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ചേമ്പ് പ്രധാന വിളയായും തെങ്ങ്, കവുങ്ങ്, വാഴ കൃഷിയിടങ്ങളിൽ ഇടവിളയായും കൃഷിചെയ്യാം. ഇങ്ങനെ കൃഷി ചെയ്യുമ്പോൾ പ്രധാനകൃഷിക്കും നല്ല വിളവുകിട്ടും. ജനുവരി മുതൽ ജൂൺവരെയുള്ള കാലങ്ങളിൽ ചേമ്പ് നടാവുന്നതാണ്. ആവശ്യമായ സ്ഥലത്ത് തടം തയ്യാറാക്കി പാകത്തിന് കുഴിയെടുത്ത് അതിൽ ചേമ്പുവിത്ത് ചാണകപ്പൊടിയുമായി ചേർത്ത് നടാം.
കുഴികൾ തമ്മിൽ 40 സെന്റീമീറ്ററെങ്കിലും അകലം വേണം. നട്ടശേഷം നന്നായി പുതയിടണം. വരൾച്ചയുള്ള സ്ഥലങ്ങളിൽ ജലസേചനം നല്ലതാണ്. ചേമ്പിന്റെ പ്രധാന കിഴങ്ങിൽനിന്ന് അടർത്തിയെടുക്കുന്ന ചെറിയ കിഴങ്ങുകളാണ് വിത്തായി ഉപയോഗിക്കുക. ആറുമുതൽ എട്ടുവരെ മാസംകൊണ്ട് ചേമ്പ് വിളവെടുക്കാം. . പ്രാദേശികമായി ലഭ്യമാകുന്ന ഇനങ്ങൾക്കുപുറമേ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത മുന്തിയ ഇനങ്ങളായ ശ്രീകിരൺ, ശ്രീരശ്മി, ശ്രീപല്ലവി തുടങ്ങിയവയാണ് സാധാരണ നടാൻ ഉപയോഗിക്കുന്ന ചേമ്പുവിത്തുകൾ.
No comments:
Post a Comment